കൊച്ചി: തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരത് ട്രെയിനിൽ ഉണ്ടായത് എ.സിയിൽ നിന്നുള്ള വാതകച്ചോർച്ചയല്ലെന്ന് റെയിൽവേ.
പുകയുടെ സാന്നിധ്യമുണ്ടായാൽ പ്രവർത്തിക്കുന്ന അഗ്നിരക്ഷാ വാതകമാണ് എ.സിയിൽ നിന്നുള്ള വാതക ചോർച്ചയെന്ന് തെറ്റിദ്ധരിക്കാൻ കാരണമായത്.
പരിശോധനയിൽ ട്രെയിനിലെ സി5 കോച്ചിലെ ശുചിമുറിയിൽ നിന്നാണ് പുക ഉയർന്നതെന്ന് കണ്ടെത്തി. യാത്രക്കാരിൽ ആരെങ്കിലും പുകവലിച്ചതാകാമെന്നാണ് റെയിൽവേയുടെ പ്രാഥമിക നിഗമനം.
അതിനിടെ സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കളമശേരി-ആലുവ സ്റ്റേഷന് ഇടയിൽ വച്ചാണ് സി 5 കോച്ചിൽ നിന്നും പുക ഉയരുന്നത് കാണുന്നത്.
ഇതോടെ വലിയ പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഉടൻ തന്നെ ട്രെയിൻ നിർത്തി കോച്ചിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച് മറ്റു കംപാർട്ട്‌മെൻറുകളിലേക്ക് മാറ്റി.
തുടർന്ന് ആലുവയിൽ നിർത്തിയിട്ട ട്രെയിനിൽ റെയിൽവേ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് വാതകച്ചോർച്ച അല്ലെന്ന് സ്ഥിരീകരിച്ചത്.