Timely news thodupuzha

logo

ലഹരി വിരുദ്ധ കഥകളുമായി ഹരി മാഷ് ലോകകപ്പ് ഫുട്ബോൾ ഫൈനലിലേക്ക്

കോട്ടയം: ലോകമാകമാനം കൊവിഡിന്‍റെ നീരാളിപ്പിടുത്തത്തിൽ കാൽപ്പന്തും കൈപ്പന്തുമൊന്നുമില്ലാതെ വീട്ടിൽ മാത്രമായി ഒതുങ്ങിയിരുന്നപ്പോൾ കഥ പറയാം കേൾക്കൂ എന്ന കുട്ടിക്കഥകളുമായി ലോകമെങ്ങുമുള്ള മലയാളികളുടെ വീട്ടിലെത്തിയ ഒരു അധ്യാപകനുണ്ട്.

രാമമംഗലം ഹൈസ്കൂൾ അധ്യാപകനും കുട്ടികളുടെ കഥ മാഷുമായ കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിൽ ഹരീഷ് ആർ നമ്പൂതിരിപ്പാട്. പാട്ടു കേൾക്കാനും കഥ കേൾക്കാനും അദ്ദേഹം തന്‍റെ സാമൂഹിക മാധ്യമത്തിലൂടെ കുഞ്ഞുങ്ങൾക്ക് അവസരമൊരുക്കി. ഈ വേളയിൽ ഹരീഷ് പോകുന്നത് ഫുട്ബോൾ വേൾഡ് കപ്പ് ഫൈനലിലേക്കാണ്. ആ കഥ പറയാം.

ഇത്തവണ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ വേൾഡ് കപ്പ് ആരംഭിച്ച സമയം മുതൽ നവമാധ്യമങ്ങളിലൂടെ അദ്ദേഹം പങ്കുവെക്കുന്ന ലഹരി വിരുദ്ധ ഫുട്ബോൾ കഥകളാണ് ഹരീഷ് ഫൈനലിലേക്ക് എത്തിക്കുന്നത്. ഫൈനൽ ദിവസമായ ഞായറാഴ്ച വേൾഡ് കപ്പ് ഫൈനൽ എന്ന കഥയും സെമി ഫൈനൽ ദിവസം ഫുട്ബോളാണ് ലഹരി എന്ന കഥയും തയ്യാറായിക്കഴിഞ്ഞു. കാൽപന്ത് ലഹരി എന്ന കാട്ടിലെ ഫുട്ബോൾ കഥയോടെ ആരംഭിച്ച കഥാപരമ്പര, കട്ടൗട്ട് വൈകിട്ടെന്താ പരിപാടി?, ആഘോഷ ലഹരി, ചങ്ക് ബ്രോ,  വൺ മില്യൺ ഗോൾ, കാനന വേൾഡ് കപ്പ് കാട്ടിലെ പന്തുകളി സൗഹൃദ ഒളിമ്പിക്സ് ,അക്ഷരമാണ് ലഹരി, ലഹരി മരം വേദനസംഹാരി,വേൾഡ് കപ്പ് ഓഫർ, ലഹരി വെടിഞ്ഞ ചന്തു ലഹരിക്കുടം തുടങ്ങിയ കഥകൾ ഇതിനകം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

ലഹരി വിരുദ്ധ സന്ദേശങ്ങൾ പകർന്നു നൽകിക്കൊണ്ട് ഫുട്ബോൾ വേൾഡ് കപ്പിന് ആവേശം പകരുന്ന കവിതകളും മാഷ് തയ്യാറാക്കി. വേൾഡ് കപ്പ് അവസാനിച്ചാലും ലഹരിക്കെതിരെയുള്ള പോരാട്ടങ്ങളും കഥ പറച്ചിലും അവസാനിക്കുന്നില്ല എന്നാണ് ഹരി മാഷ് പറയുന്നത്. സാഹിത്യത്തിലൂടെ, കലയിലൂടെ, ലഹരിക്കെതിരെ പോരാടുന്ന ഹരീഷ് ആർ നമ്പൂതിരിപ്പാടിന് സംസ്ഥാന മദ്യവിരുദ്ധ സമിതിയുടെ ഗുരുശ്രേഷ്ഠ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.  2020 മുതൽ കാലിക പ്രാധാന്യമുള്ള ഗുണപാഠ കഥകൾ തയ്യാറാക്കി ശബ്ദ രൂപത്തിൽ  വാട്സ്ആപ്പ് വഴി പങ്കുവെക്കുന്നയാളാണ് ഹരീഷ്.

അദ്ദേഹം രചിച്ച 49ാം പുസ്തകം ചോട്ടുവും മീട്ടുവും എന്ന കുട്ടിക്കഥാ സമാഹാരം മിയോ – കാത്തു എന്നീ പേർഷ്യൻ പൂച്ചകൾ ചേർന്നാണ് പ്രകാശനം ചെയ്തത്. ഇത് ഏറെ കൗതുകമുണർത്തിയിരുന്നു. കുട്ടികൾക്കുള്ള ലഹരി വിരുദ്ധ കഥകളായ തന്‍റെ അമ്പതാമത്തെ പുസ്തകത്തിന്‍റെ അണിയറയിലാണ് ഹരീഷ്. രണ്ടര വർഷക്കാലത്തിലേറെയായി വാട്സാപ്പിലൂടെ കഥകൾ പറഞ്ഞു മുന്നേറുന്ന ഹരി മാഷുടെ 560 മുതലുള്ള കഥകൾ ഫുട്ബോൾ വേൾഡ് കപ്പുമായി ബന്ധപ്പെട്ടതും ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്നതുമാണ്.

Leave a Comment

Your email address will not be published. Required fields are marked *