തിരുവനന്തപുരം: വെള്ളിയാഴ്ച ആരംഭിച്ച ഹയർസെക്കൻ്ററി പരീക്ഷ അധികം കുഴപ്പിച്ചില്ലെന്ന് വിദ്യാർഥികൾ. 6,78,188 വിദ്യാർഥികളാണ് വെള്ളിയാഴ്ച പരീക്ഷയെഴുതിയത്.
പ്ലസ്ടു വിദ്യാർഥികൾക്ക് ഫിസിക്സ്, ആന്ത്രപോളജി, സോഷ്യോളജി വിഷയങ്ങളിലായിരുന്നു പരീക്ഷ. 794 പേർ ആന്ത്രപോളജിയും 2,00,355 പേർ ഫിസിക്സും 63,011 പേർ സോഷ്യോളജി പരീക്ഷയുമെഴുതി.
ഫിസിക്സ് പരീക്ഷ പൊതുവിൽ എളുപ്പമായിരുന്നുവെന്ന് ഭൂരിഭാഗം വിദ്യാർഥികളും പറഞ്ഞു. ചൊവ്വാഴ്ച ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ പരീക്ഷകൾ നടക്കും.
പാർട് 2 ഭാഷാ വിഷയങ്ങൾ, കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ 4,14,028 പേർ പ്ലസ് വൺ പരീക്ഷയ്ക്കെത്തി. പാർട്ട് വൺ ഇംഗ്ലീഷാണ് ചൊവ്വാഴ്ചത്തെ പരീക്ഷ.