വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാലയിൽ ആൾക്കൂട്ട വിചാരണയെയും മർദനത്തേയും മരിച്ച സിദ്ധാർഥിൻറെ വീടിന് മുന്നിൽ സിപിഎം സ്ഥാപിച്ച ബോർഡ് എടുത്തു മാറ്റി.
സിദ്ധാർത്ഥ് എസ്.എഫ്.ഐ പ്രവർത്തകനെന്ന് ചൂണ്ടിക്കാട്ടിയുള്ള ഫ്‌ളക്‌സ് സി.പി.ഐ.എം പ്രാദേശിക നേതൃത്വമാണ് സ്ഥാപിച്ചത്. ‘എസ്.എഫ്.ഐ പ്രവർത്തകൻ സിദ്ധാർത്ഥനെ കൊന്നവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരിക’ എന്നായിരുന്നു ഫ്ലെക്സ് ബോർഡിലുണ്ടായിരുന്നത്.
സി.പി.ഐ.എമ്മിൻറെയും ഡി.വൈ.എഫ്.ഐയുടെയും പേരിലായിരുന്നു ഫ്ളക്സ് ഉണ്ടായിരുന്നത്. എന്നാൽ ഈ ബോർഡിനെതിരെ സിദ്ധാർത്ഥൻറെ കുടുംബം രംഗത്തെത്തിയിരുന്നു.
വിമർശനങ്ങൾക്കിടെ കെ.എസ്‍.യു അവരുടെ ഫ്ലെക്സ് ബോർഡുമായി എത്തി. “എസ്എഫ്ഐ കൊന്നതാണ്” എന്നെഴുതിയ ബോർഡാണ് കെഎസ്‍യു സ്ഥാപിച്ചത്.
അതേസമയം, ആൾക്കൂട്ട വിചാരണയെയും മർദനത്തേയും തുടർന്ന് വിദ്യാർഥിയായ സിദ്ധാർഥിനെ മരിച്ച നിലിയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടി കടുപ്പിച്ച് പൊലീസ്.
നാല് പ്രതികൾക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിൽ 12 വിദ്യാർത്ഥികൾക്കെതിരെ കൂടി നടപടിയെടുക്കും. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്തു. ഇവർക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല.
പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇൻറേണൽ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കി.
മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. അതേസമയം, ഈ 12 വിദ്യാർത്ഥികളെയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കി.