Timely news thodupuzha

logo

നോട്ട് നിരോധനം ശരിവെച്ച് സുപ്രീം കോടതി; ഭിന്നവിധിയുമായി ജസ്റ്റിസ് ബി.വി. നാഗരത്ന

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്‍റെ നോട്ടു നിരോധന തീരുമാനം ശരിവെച്ച് സുപ്രീം കോടതി. ജസ്റ്റിസ് ബി. ആർ ഗവായാണ് ആദ്യം വിധി പറഞ്ഞത്. സർക്കാർ മുന്നോട്ടുവെച്ച ലക്ഷ്യങ്ങൾ കൈവരിച്ചോ ഇല്ലയോ എന്ന് പ്രസക്തമല്ല. നോട്ടു നിരോധനത്തിന്‍റെ മൂന്നു ലക്ഷ്യങ്ങളും ശരിയാണ് ജസ്റ്റിസ് ഗവായ് പറഞ്ഞു. അഞ്ചംഗ ബെഞ്ചിൽ നാല് പേരും നടപടി ശരിവെച്ചു. 

സാമ്പത്തിക കാര്യങ്ങളിൽ സർക്കാരിനു തന്നെയാണ് പരമാധികാരം.കേന്ദ്രത്തിന്‍റെ നടപടിയില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ല. നോട്ടു നിരോധനം പോലുള്ള സാമ്പത്തിക വിഷയങ്ങളിൽ കോടതിയുടെ ഇടപെടൽ നല്ലതല്ലെന്ന് വിധിയിൽ ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടി. സർക്കാർ വേണ്ടെത്ര കൂടിയാലോചനകൾ നടത്തിയെന്ന് വ്യക്തമാണ്. നോട്ട് നിരോധനത്തിലൂടെ സർക്കാർ എന്താണോ ലക്ഷ്യമിട്ടത് അത് കൈവരിച്ചോ ഇല്ലയോ എന്ന് പ്രസക്തമല്ലെന്നും കോടതി വ്യക്തമാക്കി. നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്ന സര്‍ക്കാരിന്‍റെ നിലപാട് കോടതി അംഗീകരിച്ചു. 

അതേസമ‍യം നടപടിക്രമങ്ങൾ പൂർണമായി പാലിക്കപ്പെട്ടുവെന്ന വിധിയോട് യോജിക്കാനാവില്ലെന്ന് ജസ്റ്റിസ് നാഗരത്‌നം. അസാധുവാക്കല്‍ നടപടിക്ക് തുടക്കംകുറിക്കാന്‍ കേന്ദ്രസർക്കാരിന് കഴിയില്ലെന്ന് നാഗരത്നയുടെ വിധിയില്‍ പറയുന്നു. ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ അധികാരം റിസർവ് ബാങ്കിനാണെന്നും നാഗരത്നയുടെ വിധിയില്‍ ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നടപടിക്രമങ്ങളും നിയമസാധുതയും പരിശോധിച്ചത്. നോട്ട് നിരോധന നടപടിയെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. നോട്ട് നിരോധിക്കാനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.വാദംകേട്ട ഭരണഘടനാ ബെഞ്ചിന്‍റെ അധ്യക്ഷൻ ജസ്റ്റിസ് എസ്.അബ്ദുൽ നസീർ 4നു വിരമിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് വിധി പറഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *