Timely news thodupuzha

logo

ഹരിത തിരഞ്ഞെടുപ്പിന് “മേരു ഗില്ലു” : പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

ഇടുക്കി : ജില്ലയിലെ ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ “മേരു ഗില്ലു” ജില്ലാ കളക്ടർ ഷീബ ജോർജ്ജ് ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ് നായർക്ക് നൽകി പ്രകാശനം ചെയ്തു. ഉപയോഗം കുറച്ച് , വീണ്ടും ഉപയോഗിച്ച് , പുനഃചംക്രമണം നടത്തി ഭൂമിയെ ഹരിതാഭമായി സൂക്ഷിക്കാം എന്ന സന്ദേശമാണ് ലോഗോയുടെ നൽകുന്നത്. പച്ചപ്പാർന്ന ഭൂമിയെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന മലയണ്ണാനാണ് ചിത്രത്തിൽ.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാകാവുന്ന മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കുകയും പ്രകൃതി സൗഹൃദ സാധന സാമഗ്രികൾ ഉപയോഗിക്കുകയും ചെയ്യുന്ന ഹരിത തിരഞ്ഞെടുപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിഭാവനം ചെയ്യുന്നത്. ഇതിന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ , സ്ഥാനാർഥികൾ , സമ്മതിദായകർ , പൊതുജനങ്ങൾ തുടങ്ങിയ എല്ലാപേരുടെയും സഹകരണം ആവശ്യമുണ്ടെന്നും കളക്ടർ പറഞ്ഞു. പരിപാടിയിൽ എ ഡി എം ബി ജ്യോതി , ഡെപ്യൂട്ടി കലക്ടർമാരായ ഡോ . അരുൺ ജെ ഓ , മനോജ് കെ , സ്വീപ്പ് നോഡൽ ഓഫീസർ ലിപു ലോറൻസ് എന്നിവർ പങ്കെടുത്തു.

ഏതൊക്കെ തരത്തിലുള്ള ബോർഡുകളും ബാനറുകളും ഉപയോഗിക്കാം?

നൂറ് ശതമാനം കോട്ടൺ തുണിയിൽ എഴുതി തയാറാക്കുന്നവയും അല്ലെങ്കിൽ കോട്ടൺ തുണിയും പേപ്പറും ചേർന്ന് നിർമ്മിക്കുന്ന വസ്തുവിൽ പ്രിന്റ് ചെയ്യപ്പെടുന്ന ബോർഡുകളും ബാനറുകളും ഉപഗിക്കാവുന്നതാണ്. കൂടാതെ പനമ്പായ, പുൽപ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചും ആകർഷകങ്ങളായ പ്രചാരണ സാമഗ്രികൾ തയാറാക്കാം. പ്രചാരണത്തിന് ഡിജിറ്റൽ സാധ്യതകളും ഉപയോഗിക്കാം. ഫ്ളക്സ് ബോർഡുകളും ബാനറുകളും കൂടാതെ കാഴ്ചയിൽ തുണിയോട് സാമ്യമുള്ള നോൺ വുവൻ പോളി പ്രൊപ്പലീൻ കൊണ്ടുള്ള ബോർഡുകളും ബാനറുകളും ഉപയോഗിക്കാൻ പാടില്ല .

കൊടിതോരണങ്ങൾ എങ്ങിനെയുള്ളവ ആയിരിക്കണം?

കൊടികളും തോരണങ്ങളും തുണിയിലോ പേപ്പറിലോ നിർമ്മിച്ചവയാകണം . പ്ലാസ്റ്റിക് കലർന്ന തുണി ഉപയോഗിക്കരുത്. തോരണങ്ങൾ പേപ്പറിലോ കോട്ടൺ തുണിയിലോ മാത്രമാകണം . നോൺ വുവൻ പോളിപ്രോപ്പലീൻ കൊണ്ടുള്ള കൊടിതോരണങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.

പ്രചാരണ സമയത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുടിവെള്ള ബോട്ടിലുകൾക്ക് പകരം എന്ത് ?

പ്രചാരണ സമയത്ത് സ്ഥാനാർഥിയും മറ്റ് സഹപ്രവർത്തകരും സ്റ്റീൽ ബോട്ടിലുകൾ കരുതുകയാണെങ്കിൽ പ്ലാസ്റ്റിക് കുടിവെള്ള ബോട്ടിലുകൾ ഒഴിവാക്കാനാകും . പ്രചാരണ വാഹനങ്ങളിൽ വാട്ടർ ഡിസ്പെൻസറുകളും സ്റ്റീൽ കപ്പുകളും കരുതാം.

പ്രചാരണ വാഹനങ്ങൾ ഒരുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

വാഹനങ്ങൾ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കുക. ഫ്ളക്സും പ്ലാസ്റ്റിക്കും തെർമോക്കോളും ഉൾപ്പെടെയുള്ള സാധനങ്ങൾ പൂർണ്ണമായും ഒഴിവാക്കി കോട്ടൺ തുണിയും പേപ്പറും പോലുള്ള പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിച്ച് വാഹനങ്ങൾ അലങ്കരിക്കാം.

സ്ഥാനാർഥികളുടെ സ്വീകരണ പരിപാടികളും മറ്റും എങ്ങനെ പ്രകൃതി സൗഹൃദമാക്കാം?

സ്ഥാനാർഥികളെ സ്വീകരിക്കാൻ വേണ്ടി അണിയിക്കുന്ന ഹാരങ്ങളും മറ്റും പൂർണമായും പ്ലാസ്റ്റിക് മുക്തമാക്കാം. പകരം പൂക്കൾ ഉപയോഗിച്ച് ഉണ്ടാക്കിയ ഹാരങ്ങൾ, കോട്ടൺ റിബ്ബൺ ഹാരങ്ങൾ, കോട്ടൺ ഷാളുകൾ തുടങ്ങിയവ ഉപയോഗിക്കാം. ഉപഹാരങ്ങളായി പുസ്തകങ്ങളും പഴക്കൂടകളും നൽകാവുന്നതാണ്.

ഭക്ഷണ സമയത്ത് എന്തൊക്കെ ശ്രദ്ധിക്കണം?

പ്ലാസ്റ്റിക്കിലും തെർമോക്കോളിലുമുള്ള പാർസൽ പാക്കിങ്ങുകളിൽ ഭക്ഷണം വരുത്തരുത്. പേപ്പർ,പ്ലാസ്റ്റിക് ,തെർമോക്കോൾ എന്നിവയിൽ നിർമ്മിച്ച ഡിസ്പോസിബൾ കപ്പുകൾ,പ്ലേറ്റുകൾ തുടങ്ങിയവ ഒഴിവാക്കി പകരം സ്റ്റീൽ പ്ലേറ്റുകൾ, സ്റ്റീൽ, ചില്ല് ഗ്ലാസുകൾ എന്നിവ ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് ഓഫീസുകളിൽ ആവശ്യമായ പ്ലേറ്റുകളും ഗ്ലാസുകളും കരുതി വെയ്ക്കാം.

ആർച്ചുകൾ തയാറാക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

ആർച്ചുകളിൽ പ്രകൃതി സൗഹൃദമല്ലാത്ത വസ്തുക്കൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ആർച്ചുകൾ ഉണ്ടാക്കുന്നത് സ്റ്റീൽ, ഇരുമ്പ്, അലൂമിനിയം, തടി ഫ്രെയിമുകൾ , തുണി എന്നിവ ഉപയോഗിച്ചാണെങ്കിലും ഇവയിൽ തെർമൊക്കോൾ അക്ഷരങ്ങൾ പിടിപ്പിക്കുന്നത് അനുവദനീയമല്ല. പകരം പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കാം .

വോട്ടെടുപ്പിന് ശേഷം?

ബോർഡുകളും കൊടിതോരണങ്ങളും മറ്റ് പ്രചാരണ സാമഗ്രികളും സ്ഥാപിച്ചവർ തന്നെ അഴിച്ചുമാറ്റി തരം തിരിച്ച് ഹരിത കർമ സേനയ്ക്ക് കൈമാറണം.

മാർഗനിർദ്ദേശങ്ങൾക്ക് ആരെ സമീപിക്കാം?

തിരഞ്ഞെടുപ്പിൽ ഹരിത പെരുമാറ്റചട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതലം മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപന തലം വരെ സഹായ സഹകരണങ്ങൾക്കും മാർഗനിർദേശങ്ങൾക്കും ഹരിത കേരള മിഷന്റെയും ശുചിത്വമിഷന്റെയും ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്.

പോളിങ് ബൂത്തുകൾ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കുടിവെള്ള ഡിസ്പെൻസറുകൾ തയാറാക്കി വയ്ക്കുക, കുടിക്കാൻ സ്റ്റീൽ, കുപ്പി ഗ്ലാസുകൾ ഒരുക്കുക.
  • മാലിന്യം തരം തിരിച്ചു നിക്ഷേപിക്കാൻ ബിന്നുകൾ സ്ഥാപിക്കുക.
  • മാലിന്യം നീക്കം ചെയ്യാൻ ഹരിത കർമ സേനയുമായി കരാറിൽ ഏർപ്പെടുക
  • പോളിങ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം പ്ലാസ്റ്റിക് കണ്ടയിനറുകളിലോ സഞ്ചികളിലോ വിതരണം ചെയ്യരുത്.
  • ബൂത്തുകളിൽ ഭക്ഷണം കഴിക്കാൻ ഡിസ്പോസിബൾ ഗ്ലാസുകളും പ്ലേറ്റുകളും ഉപയോഗിക്കരുത്

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന പുതിയ നിയമ ഭേദഗതി (കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ആക്ട്, 2024 & കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ആക്ട്, 2024) അനുസരിച്ച് പൊതു അല്ലെങ്കിൽ സ്വകാര്യ സ്ഥലങ്ങളിൽ മാലിന്യം വലിച്ചറിയുന്നവർക്കെതിരെ പഞ്ചായത്ത് അല്ലെങ്കിൽ നഗരസഭാ സെക്രട്ടറിക്ക് ചുമത്താവുന്ന പിഴ 5000 ആയി വർധിപ്പിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾക്ക് ലഭിക്കാവുന്ന പിഴ 50,000 രൂപയും 1 വർഷം വരെ തടവും ആണ്.

Leave a Comment

Your email address will not be published. Required fields are marked *