Timely news thodupuzha

logo

പൊന്നമ്പലമേട്ടിൽ മകര ജ്യോതി കണ്ട് ഭക്ത ലക്ഷങ്ങൾ

സന്നിധാനം: മലകയറിയെത്തിയ ഭക്തരുടെ ശരണാരവങ്ങൾക്കിടയിൽ  പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണ വിഭൂഷിതനായി അയ്യനെ കണ്ട ഭക്തലക്ഷങ്ങൾ കിഴക്ക് നിബിഢ വന മദ്ധ്യത്തിലെ പൊന്നമ്പല മേട്ടിൽ പുണ്യ ജ്യോതി കണ്ട് സായൂജ്യരായി. ദീപാരാധനനക്ക് ശേഷം എല്ലാ കണ്ണുകളും പൊന്നമ്പല മേട്ടിലേക്ക് ആയിരുന്നു.ആദ്യവട്ടം ജ്യോതി പ്രകാശിച്ചപ്പോൾ സന്നിധാനത്തും പരിസരത്തുമായി തിങ്ങിയ ഭക്ത ലക്ഷങ്ങൾ ഒന്നാകെ തൊഴുകൈയ്യോടെ ഉച്ചത്തിൽ ശരണ ഘോഷം മുഴക്കി.

വൈകിട്ട് ആറരയോടു കൂടിയാണ് തിരുവാഭരണം ചാർത്തി  ശ്രീകോവിൽ നടതുറന്നത്.പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിൽ വൻ വരവേൽപ്പോടെയാണ് അയ്യപ്പസന്നിധിയിലേക്ക് എത്തിച്ചത്. ശരം കുത്തിയിൽ വൈകിട്ട് ആറിന്  തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് കർപ്പൂരാഴിയുടേയും തീവെട്ടിയുടേയും ആലക്തിക പ്രഭയിൽ സന്നിധാനത്തേക്ക് ആനയിച്ചു. 

പതിനെട്ടാംപടി കയറി തിരുവാഭരണ പേടകം തിരുമുറ്റത്ത് എത്തിയപ്പോൾ കൊടിമര ചുവട്ടിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ. കെ. അനന്തഗോപൻ, അംഗം എസ്.എസ് ജീവൻ എന്നിവർ ചേർന്ന്  സ്വീകരിച്ചു. തുടർന്ന് സോപാനത്തില്‍ എത്തിയപ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും തിരുവാഭരണം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധനയ്ക്കായി നട തുറന്നു.

ഇക്കുറി മകരവിളക്ക് ദൃശ്യമാകുന്ന എല്ലായിടത്തും അയ്യപ്പൻമാരുടെ വൻസംഘമാണ് തമ്പടിച്ചിരുന്നത്. സുരക്ഷയ്ക്കും ദർശനത്തിനും മുൻഗണന നൽകിയുള്ള പ്രവർത്തനം അധികൃതർ നേരത്തെ തന്നെ നടത്തിയിരുന്നു. സന്നിധാനത്തിന് പുറമെ പമ്പ ഹിൽട്ടോപ് അടക്കം പഞ്ഞിപ്പാറ, നെല്ലിമല, അയ്യൻമല, ഇലവുങ്കൽ, അട്ടത്തോട്, പടിർഞ്ഞാറേ കോളനി എന്നീ ആറ് സ്ഥലങ്ങൾ ദർശനത്തിനായുള്ള അംഗീകൃത വ്യൂ പോയിന്റുകളായിരുന്നു. കനത്ത സുരക്ഷയാണ് എല്ലാ വ്യൂ പോയിന്റുകളിലും ഒരുക്കിയിരിക്കുന്നത്.മകര ജ്യോതി കണ്ട് കഴിഞ്ഞതോടെ ദിവസങ്ങളായി സന്നിധാന പരിസരങ്ങളിൽ പർണ്ണശാല കെട്ടി  വിരി വെച്ച് താമസിച്ചിരുന്ന ഭക്തരുടെ മലയിറക്കം ആരംഭിച്ചു.

ഭക്തരുടെ തിരക്ക് മുന്നിൽകണ്ട് സന്നിധാനത്ത് വിവിധ സെക്ടറുകൾ ഉൾപ്പെടുന്ന രണ്ട് ഡിവിഷനുകളായി തിരിച്ച് രണ്ട് എസ്.പി.മാർക്ക് പ്രത്യേക ചുമതല നൽകിയിരുന്നു. പാണ്ടിത്താവളം മുതൽ ബെയ്‌ലിപ്പാലം വരെ ഒരു ഡിവിഷനും വടക്കേനടയും തിരുമുറ്റവും മാളികപ്പുറവുമടങ്ങുന്ന കേന്ദ്രങ്ങൾ മറ്റൊരു ഡിവിഷനുമാണ്. പാണ്ടിത്താവളം മുതൽ ബെയ്‌ലി പാലം വരെയുള്ള ഡിവിഷന്റെ ചുമതല വയനാട് എസ്.പി. ആർ.ആനന്ദിനും വടക്കേനട, തിരുമുറ്റം, മാളികപ്പുറം മേഖലയുടെ ചുമതല കോഴിക്കോട് ഡി.സി.പി. കെ.ഇ.ബൈജുവിനുമാണ്.രണ്ട് കമ്പനി പോലീസിനെ അധികമായി സന്നിധാനത്ത് നിയോഗിച്ചിരുന്നു. രണ്ടായിരത്തോളം പോലീസുദ്യോഗസ്ഥരെയാണ് സന്നിധാനത്ത് വിന്യസിച്ചിട്ടുള്ളത്. ആറ് ഡിവൈ.എസ്.പിമാരെയും അധികമായി നിയോഗിച്ചിരുന്നു. ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ വിവിധ കമാൻഡോ വിഭാഗങ്ങളും ഇതര സേനാ വിഭാഗങ്ങളും ഭക്തർക്ക് സുഗമമായ മകരജ്യോതി ദർശനത്തിനായുള്ള സൗകര്യമൊരുക്കാൻ സജ്ജരായിരുന്നു.

Tags :

Leave a Comment

Your email address will not be published. Required fields are marked *