പത്തനംത്തിട്ട: തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോ ഡ്രൈവറായ ബിജു കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കണമല ഫോറസ്റ്റ് സ്റ്റേഷനിലേയ്ക്ക് നടത്തിയ ജനകീയ മാർച്ചിൽ സംഘർഷം.
പ്രതിഷേധത്തിനിടെ പ്രദേശവാസികളും പൊലീസും തമ്മിൽ പലതവണ വാക്കേറ്റമുണ്ടായി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് വന്യമൃഗങ്ങൾ കാടിറങ്ങുന്നതിന് കാരണമാകുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
കാട്ടാന ആക്രമണത്തിൽ പരിഹാരമില്ലാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്. റാന്നി ഡി.വൈ.എസ്.പി അടക്കമുള്ളവർ ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
എന്നാൽ വനംവകുപ്പ് ഓഫീസിലെത്തി ഉദ്യോഗസ്ഥരെ കാണാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലാണ് നാട്ടുകാർ. തിങ്കളാഴ്ച പുലർച്ചെയാണ് കാട്ടാന ആക്രമണത്തിൽ തുലാപ്പള്ളി സ്വദേശി കൊടിലിൽ ബിജു(56) കൊല്ലപ്പെട്ടത്.
ശബരിമല വനാതിർത്തി മേഖലയായ എരുമേലി തുലാപ്പള്ളി മാണിപ്പടിക്കടുത്താണ് സംഭവം. വീടിന് സമീപത്തുള്ള തെങ്ങ് ആന മറിയ്ക്കുന്നത് കണ്ട് തുരത്താൻ ഇറങ്ങിയപ്പോഴാണ് ബിജുവിനെ ആന ആക്രമിച്ചത്. ബിജുവിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.