Timely news thodupuzha

logo

കർഷകരെയും അവരുടെ ഭൂമിയും സംരക്ഷിക്കാൻ കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണി പ്രതിജ്ഞബദ്ധമാണെന്ന് കെ. മുരളീധരൻ

ഇടുക്കി: കോൺഗ്രസും ഐക്യജനാധിപത്യമുന്നണിയും ഉള്ളകാലം കർഷകരെ തങ്ങളുടെ ഭൂമിയിൽ നിന്ന് ഇറക്കി വിടാൻ അനുവദിക്കില്ലെന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് കെ. മുരളീധരൻ. കർഷകരെയും അവരുടെ ഭൂമിയും സംരക്ഷിക്കാൻ കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണി പ്രതിജ്ഞബദ്ധമാണെന്നും കൂട്ടിച്ചേർത്തു. ഡീൻ കുര്യാക്കോസ് എംപി നയിക്കുന്ന കാൽനട പ്രതിഷേധത്തിന്റെ ഏഴാം ദിവസത്തെ സമാപന സമ്മേളനം കഞ്ഞിക്കുഴിയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുഴുവൻ കുടിയേറ്റ ജനതയുടെയും വികാരം പ്രതിഫലിക്കുന്ന യാത്രയാണിതെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

കേരളത്തിൽ നിന്നുള്ള യുഡിഎഫ് എം.പിമാർ പാർലമെൻറിൽ ഈ വിഷയം ഉന്നയിക്കുകയും കേന്ദ്ര പരിസ്ഥിതി മന്ത്രിയെ കണ്ട് നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്. കർഷകരെ ഇറക്കി വിടില്ലെന്ന ഉറപ്പ് കേന്ദ്രമന്ത്രി നൽകി. പിണറായി സർക്കാരിൻറെ കാലത്ത് കർഷകർ കടുത്ത മാനസിക സംഘർഷം അനുഭവിക്കുകയാണ്. കുടിയേറ്റ കർഷകരുടെ അധ്വാനത്തിലാണ് കേരളം കർഷക രംഗത്ത് ഒന്നാം സ്ഥാനത്ത് എത്തിയതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. സുപ്രീം കോടതി അനുവദിച്ച മൂന്ന് മാസത്തിനുള്ളിൽ പഠനം പൂർത്തികരിക്കാൻ പോലും പിണറായി സർക്കാരിന് സാധിച്ചിട്ടില്ല. ഫിസിക്കൽ വെരിഫിക്കേഷൻ നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് പകരം സാറ്റലൈറ്റ് സർവ്വേ നടത്തി സംസ്ഥാന സർക്കാർ മലയോര ജനതയെ വഞ്ചിക്കുകയാണ് ചെയ്തത്. കർഷകരുടെ വികരം സർക്കാർ കണക്കിലെടുക്കുന്നില്ല.

കർഷകർക്ക് മുൻഗണന നൽകിയില്ലെങ്കിൽ കർഷക ആത്മഹത്യകൾ വർദ്ധിക്കും. ഇത് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ എന്നും കർഷകർക്കൊപ്പം നിന്നിട്ടുള്ളത് യുഡിഎഫ് സർക്കാരുകൾ ആണ്. എ.കെ ആൻറണി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ആണ് 1977 വരെയുള്ളവർക്ക് പട്ടയം നൽകിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടയങ്ങൾ നൽകിയതും നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ആണ്. കർഷകരുടെ ഗൗരവമുള്ള വിഷയം ചർച്ച ചെയ്യുമ്പോൾ കോമഡി പറയുന്നവരെ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്ന് എം.എം മണിയുടെ പ്രസ്താവനകൾക്ക് മുരളീധരൻ മറുപടി നൽകി.

രാവിലെ തടിയമ്പാട്ട് നിന്ന് ആരംഭിച്ച പദയാത്ര വൈകിട്ട് കഞ്ഞിക്കുഴിയിൽ അവസാനിച്ചു. ആയിരക്കണക്കിന് പ്രവർത്തകരാണ് ജാഥയെ പിന്തുണച്ച് അണിനിരന്നത്. കുമളിയിൽ നിന്ന് 13 ന് ആരംഭിച്ച സമര യാത്ര 200 കിലോ മീറ്റർ ദൂരം പിന്നിട്ട് 23 ന് അടിമാലിയിൽ സമാപിക്കും. കഞ്ഞിക്കുഴി നിവാസികളുടെ പട്ടയ പ്രശ്നം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് സമാപന സമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് എം.പി ആരോപിച്ചു. എല്ലാ നടപടി ക്രമങ്ങളും പൂർത്തികരിച്ചിട്ടും ഭരണ മുന്നണിയിലെ മൂപ്പിളിമ തർക്കമാണ് പട്ടയം നൽകുന്നതിന് തടസം. കർഷകരുടെ പട്ടയ പ്രശ്നങ്ങൾ പരിഹരിച്ചത് യുഡിഎഫ് ആണ്. ആ അഭിമാന ബോധത്തോടെയാണ് ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷ ധർമ്മം എന്ന നിലയിൽ കർഷകർക്ക് വേണ്ടി സമര യാത്ര സംഘടിപ്പിക്കുന്നതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

പി.ഡി ശോശാമ്മ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി പ്രസിഡൻ്റ് സി.പി മാത്യൂ, മുൻ ഡിസിസി പ്രസിഡൻറ് ജോയി തോമസ്, ഇബ്രാഹിംക്കുട്ടി കല്ലാർ, യുഡിഎഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി, കൺവീനർ എം.ജെ ജേക്കബ്, എം.എൻ ഗോപി, തോമസ് രാജൻ, എ.പി ഉസ്മാൻ, എം.ഡി. അർജുനൻ, നോബിൾ ജോസഫ്, ആഗസ്തി അഴകത്ത്, വർഗീസ് വെട്ടിയങ്കൽ, കെവി സെൽവം, വിജയ കുമാർ മറ്റക്കര, ജോസ് ഊരക്കാട്ടിൽ, മനോജ് മുരളി, ബിജോ മാണി, കെ.എസ്. അരുൺ, ജോസ് മോടിക്കപുത്തൻപുരയിൽ എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *