Timely news thodupuzha

logo

സാങ്കേതിക വിഷയങ്ങളിൽ വിശദീകരണം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: വോട്ടിങ്ങ് മെഷീന്‍, വിവിപാറ്റ് പ്രവര്‍ത്തനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി സുപ്രീം കോടതി. വിവിപാറ്റിന്റെ പ്രവര്‍ത്തനം, സോഫ്റ്റ്‌വെയര്‍ തുടങ്ങി സാങ്കേതിക വിഷയങ്ങള്‍ വിശദീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

ഇക്കാര്യം വിശദീകരിക്കാന്‍ ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഹാജരാകാന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. അഞ്ചു സംശയങ്ങളാണ് കോടതി ഉന്നയിച്ചത്.

മൈക്രോ കണ്‍ട്രോളര്‍ കണ്‍ട്രോളിങ്ങ് യൂണിറ്റിലാണോ വിവിപാറ്റിലാണോ നിലവിലുള്ളത്, മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയാണോ പ്രോഗ്രാം ചെയ്യുന്നത്, ചിഹ്നം ലോഡ് ചെയ്യുന്നതിന് യൂണിറ്റുകള്‍ എത്ര, കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റും സീല്‍ ചെയ്യുന്നുണ്ടോ, ഇ.വി.എമ്മിലെ ഡാറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതുണ്ടോ തുടങ്ങിയ സാങ്കേതിക കാര്യങ്ങളിലാണ് കോടതി വിശദീകരണം തേടിയത്.

ഇലക്ട്രാണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുന്നതിനൊപ്പം മുഴുവന്‍ വിവിപാറ്റുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വിശദമായ വിധി ഉണ്ടാകുമെന്ന സൂചനയും കോടതി നല്‍കി.

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് നല്‍കിയ ഹര്‍ജി ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്.

മുഴുവന്‍ വിവിപാറ്റുകളും എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചത്. നിലവില്‍, ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ച് ബൂത്തുകളില്‍നിന്നുള്ള വിവിപാറ്റുകളാണ് എണ്ണുന്നത്.

Leave a Comment

Your email address will not be published. Required fields are marked *