കൊച്ചി: കോടികള്‍ വിലമതിക്കുന്ന കൊക്കെയിന്‍ വിഴുങ്ങി കടത്തിക്കൊണ്ടുവന്ന കെനിയന്‍ സ്വദേശി പിടിയില്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ട്രോളി ബാഗിനടിയില്‍ പ്രത്യേകം അറയുണ്ടാക്കി അവിടെ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തുന്ന രീതിയാണ് ഇവര്‍ പൊതുവേ സ്വീകരിച്ചിരുന്നത്.
മുംബൈ, ബാംഗ്ലൂർ, ഡല്‍ഹി തുടങ്ങിയ വിമാനത്താവളങ്ങളില്‍ ഇത്തരത്തിലുള്ള മയക്കുമരുന്ന് കടത്ത് കൂടുതലായി പിടികൂടാന്‍ തുടങ്ങിയതോടെയാണ് ആഫ്രിക്കന്‍ സ്വദേശികള്‍ കൊക്കെയിനും മറ്റും വിഴുങ്ങി കടത്തിക്കൊണ്ടുവരാന്‍ തുടങ്ങിയത്.
ആഫ്രിക്കന്‍ സ്വദേശികള്‍ ഇത്തരത്തില്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കൊച്ചിയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.
കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായ കെനിയന്‍ സ്വദേശി ആദ്യമായാണ് ഇന്ത്യയില്‍ വരുന്നത്. കൊച്ചിയില്‍ ഇറങ്ങിയ ശേഷം ബംഗളൂരുവിലേക്കോ ഡല്‍ഹിയിലേക്കോ പോകാനായിരിക്കാം ഇയാള്‍ പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
മുംബൈ, ബാംഗ്ലൂർ, ഡല്‍ഹി വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതിനാലാണ് കെനിയന്‍ സ്വദേശി കരഞ്ച മൈക്കിള്‍ നംഗ കൊച്ചിയിലേക്ക് കൊക്കെയിനുമായി എത്തിയത്.
കൊച്ചിയില്‍ വന്നിറങ്ങുന്ന ആഫ്രിക്കന്‍ സ്വദേശികളെ പ്രത്യേകം നിരീക്ഷിക്കാന്‍ കസ്റ്റംസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ ആഗമനലക്ഷ്യവും വിസ ഉള്‍പ്പെടെയുള്ള കാര്യങ്ങളും പ്രത്യേകം പരിശോധിക്കാനാണ് നിര്‍ദേശം.