ന്യൂഡൽഹി: വിവിഐപികൾക്ക് ഇരിപ്പിടം പിൻ നിരയിൽ. ഒട്ടകസേനയെ നയിച്ച് വനിതകളുടെ സംഘം. തദ്ദേശീയ നിർമിത പ്രതിരോധ സാമഗ്രികളുടെ പ്രത്യേക പ്രദർശനം. എഴുപത്തിനാലാം റിപ്പബ്ലിക് ദിന പരേഡിൽ രാജ്യത്തെ കാത്തിരിക്കുന്നത് ഒട്ടേറെ പുതുമകൾ. രാജ്പഥിനെ കർത്തവ്യപഥ് എന്നു പുനർനാമകരണം ചെയ്തശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനമാണിത്. രാഷ്ട്രപതിയായി ദ്രൗപദി മുർമുവിനും ആദ്യ റിപ്പബ്ലിക് ദിനാഘോഷമാണിത്. രാവിലെ 10.30 മുതലാണു പരേഡ്. ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദേൽ ഫത്തേ അൽ സിസിയാണു മുഖ്യാതിഥി. ഈജിപ്ഷ്യൻ പ്രസിഡൻറ് മുഖ്യാതിഥിയായി എത്തുന്നതും ഇതാദ്യമാണ്.
എഴുപത്തിമൂന്നു റിപ്പബ്ലിക് ദിനങ്ങളിലും വിവിഐപികൾക്കാണ് മുൻനിരയിൽ സീറ്റ് ലഭിച്ചതെങ്കിൽ ഇത്തവണ അവർ പിന്നിലിരിക്കണം. സെൻട്രൽ വിസ്ത നിർമാണത്തിൽ പങ്കെടുക്കുന്ന തൊഴിലാളികളും കർത്തവ്യപഥ് പരിപാലനച്ചുമതലയുള്ളവരുമാണു പ്രത്യേക ക്ഷണിതാക്കളായി മുൻനിരയിൽ ഇരിക്കുക. ഇവരിൽ പച്ചക്കറി- പലവ്യഞ്ജന വ്യാപാരികളും പാൽ കച്ചവടക്കാരും റിക്ഷക്കാരുമെല്ലാമുണ്ട്.
വജ്ര തോക്ക്, ആകാശും നാഗുമുൾപ്പെടെ മിസൈലുകൾ തുടങ്ങി ഇന്ത്യ തദ്ദേശീയമായി നിർമിച്ച മുഴുവൻ ആയുധങ്ങളും ഇത്തവണ പരേഡിൽ പ്രദർശിപ്പിക്കും. 21 ഗൺ സല്യൂട്ടിന് ഉപയോഗിക്കുന്നതും ഇന്ത്യൻ നിർമിത 105 എംഎം ഇന്ത്യൻ ഫീൽഡ് ഗൺ ആണ്. ഇതിലുപയോഗിക്കുന്ന സ്ഫോടക സാമഗ്രികളും തദ്ദേശീയം.