ഒരു മഹാ അത്ഭുതത്തിനു സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു ആകാശം. മനുഷ്യായുസിൽ ഒരിക്കൽ മാത്രം കാണാനാകുന്ന നക്ഷത്രക്കാഴ്ച്ച. ശിലായുഗത്തിൽ അവസാനമായി കണ്ട പച്ച നിറത്തിലുള്ള വാൽനക്ഷത്രം ( ഗ്രീൻ കൊമറ്റ്), അമ്പതിനായിരം വർഷത്തിലൊരിക്കൽ മാത്രം ദൃശ്യമാകുന്ന ആകാശവിസ്മയം എന്നിങ്ങനെ നീളുന്നു ഈ വാൽനക്ഷത്ര വിശേഷണങ്ങൾ. കൊമെറ്റ് c/2022 E3 എന്ന നക്ഷത്രം ഭൂമിയ്ക്ക് ഏറ്റവും അടുത്ത സഞ്ചാരപഥത്തിലേക്ക് എത്തുകയാണ്. നഗ്നനേത്രങ്ങൾ കൊണ്ടു വീക്ഷിക്കാനാകുന്ന വിധം അരികിലേക്കാണ് ഗ്രീൻ കൊമെറ്റ് എത്തുക.
കാലങ്ങൾക്കപ്പുറത്ത് നിന്നാണു വാൽനക്ഷത്രത്തിൻറെ വരവ്. അവസാനമായി ഭൂമിയ്ക്കരികിൽ എത്തിയത് അപ്പർ പാലിയോലിഥിക് കാലഘട്ടത്തിലാണ്. അക്കാലത്തു ഭൂമിയിൽ വിഹരിച്ചിരുന്നത് നിയാണ്ടർതാലുകളും, ഹോമോസാപ്പിയൻസിൻറെ ആദ്യരൂപവുമായിരുന്നു. അതായത് മനുഷ്യവംശം ആദ്യമായാണു ഗ്രീൻ കൊമറ്റിനെ വീക്ഷിക്കാനൊരുങ്ങുന്നതെന്നു ചുരുക്കം. ഇനി ഭൂമിയ്ക്ക് സമീപമെത്തുന്നത് അമ്പതിനായിരം വർഷങ്ങൾക്ക് ശേഷമായിരിക്കും.
2022 മാർച്ചിൽ ജൂപ്പിറ്ററിൻറെ ഭ്രമണപഥത്തിലാണു ഗ്രീൻ കൊമെറ്റിനെ ആദ്യമായി കണ്ടെത്തിയത്. പിന്നീട് ഇത് സൂര്യനോട് അടുത്ത് വന്നതോടെ ഉരുകി പോവുകയും തുടർന്ന് ഒരുഅസാധാരണമായ വാൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ക്യാമറയിൽ പതിയുമ്പോൾ അതൊരു ഛിന്നഗ്രഹമാണെന്നായിരുന്നു കണക്കുകൂട്ടൽ. ഇന്ത്യയുടെ ഹിമാലയൻ ചാന്ദ്ര ടെലസ്‌കോപ്പിലാണ് വാൽനക്ഷത്രത്തിൻറെ ആദ്യചിത്രങ്ങൾ പകർത്തിയത്.