
തിരുവനന്തപുരം: നഗരൂരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെ നടന്ന യൂത്ത് കോൺഗ്രസ് – കെ.എസ്.യു ആക്രമണം നേതൃത്വത്തിന്റെ അറിവോടെയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്.
ക്രിമിനലുകൾക്കും സാമൂഹ്യ വിരുദ്ധർക്കും കോൺഗ്രസ് പ്രമോഷൻ നൽകുകയാണ്. നിഖിൽ പൈലിയുടെയും അബിൻ കോടങ്കരയുടെയും കാര്യത്തിൽ ഇത് കണ്ടതാണെന്നും വി.കെ സനോജ് പറഞ്ഞു.
തിങ്കൾ വൈകിട്ട് നടന്ന ആക്രണത്തിൽ എട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കാണ് പരിക്കേറ്റത്. യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈൽ ബിൻ അൻവർ, ഇയാളുടെ സഹോദരനും കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റുമായ സഹിൽ ബിൻ അൻവർ എന്നിവരുടെ നേതൃത്വത്തിൽ 50 അംഗ സംഘമാണ് ആക്രമണം നടത്തിയത്.
ബൈക്കുകളിലും കാറിലും പോർ വിളികളുമായെത്തിയ സംഘം പ്രദേശത്ത് മുളക് പൊടി വിതറി കരിങ്കല്ല്, വടിവാൾ, ഇരുമ്പ് ദണ്ഡ് എന്നിവ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.