തിരുവനന്തപുരം: മതേതരസമൂഹം ആദരിക്കുന്ന സാംസ്‌കാരിക പ്രതിഭകളുടെ പേരും ഫോട്ടോയും ഹിന്ദു കോൺക്ലേവ് 2023 പരിപാടിയിൽ അനുവാദമില്ലാതെയും ആക്ഷേപകരവുമായ രീതിയിലുമായിരുന്നു ഉൾപ്പെടുത്തിയത്. ഇതിൽ ശക്തമായി പ്രതിഷേധിക്കുന്നതായി പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ. “കേരള ഹിന്ദൂസ് ഓഫ് ഓഫ് നോർത്ത് അമേരിക്ക” സംഘടനയുടെ ഒരു ഹിന്ദു കോൺക്ലേവ് 2023 പരിപാടിയുടെ ബ്രോഷറിലാണ് പ്രഖ്യാപിത സംഘപരിവാർ നേതാക്കൾക്കും അനുഭാവികൾക്കും ഒപ്പം കേരളത്തിലെ ഏതാനും കലാസാഹിത്യപ്രതിഭകളുടെ പേരും പടവും പ്രദർശിപ്പിച്ചിട്ടുള്ളത്.
പ്രശസ്‌ത കവി പ്രഭാവർമ്മ തനിക്ക് ആ പരിപാടിയുമായി ഒരു ബന്ധവുമില്ലെന്ന് ഇതിനകം വെളിപ്പെടുത്തിയിരുന്നു. മറ്റുള്ള പ്രതിഭകളേയും അനുവാദമില്ലാതെയാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്. മതേതരസമൂഹം ആദരിക്കുന്ന സാംസ്‌കാരിക പ്രതിഭകളുടെ പേരും ഫോട്ടോയും അനുവാദമില്ലാതെ ആക്ഷേപകരമായ രീതിയിൽ ഉൾപ്പെടുത്തിയതിൽ ശക്തമായി പ്രതിഷേധിക്കുന്നു. കാരണം ഇത് മതവുമായോ വിശ്വാസവുമായോ ബന്ധപ്പെട്ട ഒരു പരിപാടിയല്ല. മതവും വിശ്വാസവുമായി ഒരു ബന്ധവുമില്ലാത്ത മതഭീകരർ നടത്തുന്ന പ്രവർത്തനമാണ്. കെ.എച്ച്.എൻ.എ സംഘടനയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം തുറന്നടിച്ചു.