തൊടുപുഴ: ഉപാസന സാംസ്കാരിക വേദിയുടെ കീഴിൽ മുതിർന്നവർക്കായി ആരംഭിച്ച ഒരു സൗഹൃദ കൂട്ടായ്മയാണ് ഉപാസന സൗഹൃദയ സദസ്സ്. ഓഗസ്റ്റ് 11ന് വൈകിട്ട് 3.30ന് തൊടുപുഴ ജ്യോതി സൂപ്പർ ബസാറിൽ പ്രവർത്തിക്കുന്ന ഉപസാന ഓഡിറ്റോറിയത്തിൽ വച്ച് സദസ്സ് സംഘടിപ്പിക്കുമെന്ന് ഡയറക്ടർ ഫാ. പ്രിൻസ് പാറത്തനാൽ സി.എം.ഐ, ഡോ. ജോൺ മുഴുത്തേറ്റ് എന്നിവർ അറിയിച്ചു. ഇതോടൊപ്പം അഞ്ചിന് പുതിയ കേന്ദ്ര ബജറ്റും ഇന്ത്യൻ സമ്പദ് ഘടനയുമെന്ന വിഷയത്തിൽ സാമ്പത്തിക വിദഗ്ദ്ധൻ റ്റി.സി മാത്യു ക്ലാസ് നയിക്കും.
ജാതി, മത, വർണ്ണ, വർഗ്ഗ, രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏവർക്കും ഒത്ത് ചേരുവാനും സൗഹൃദം പങ്കിടാനും ആശയങ്ങളും അറിവുകളും കൈമാറാനും സാഹോദര്യവും മൈത്രിയും വളർത്താനും വേണ്ടിയുള്ള ഒരു കൂട്ടായ്മയാണ് ഇത്. ആരോഗ്യം, ഐക്യം, സന്തോഷം എന്നിവ കൈവരിക്കുകയും അതിനുള്ള മാർഗങ്ങൾ മറ്റുള്ളവർക്കായി പങ്കുവയ്ക്കുകയും ചെയ്യുകയെന്നതാണ് സൗഹൃദ കൂട്ടായ്മയുടെ ലക്ഷ്യം. 56 വയസ്സിന് മുകളിൽ പ്രായമുള്ള ആർക്കും പ്രവേശന ഫീസും വാർഷിക വരിസംഖ്യയും നൽകി ഇതിൽ അംഗത്വമെടുക്കാം.
പ്രായം വെറുമൊരു നമ്പർ മാത്രം, വൈൻ പോലെ പ്രായം ഏറുന്നതനുസരിച്ച് ജീവിതവും മികച്ചതാവുന്നു, അർത്ഥപൂർണ്ണമായ ബന്ധങ്ങളും സാമൂഹ്യ കൂട്ടായ്മകളും നമ്മുടെ ആരോഗ്യത്തെയും ആയുസ്സിനെയും സന്തോഷത്തെയും അതിയശയകരമായി സ്വാധീനിക്കുന്നു ഇത്തരം ശാസ്ത്രീയ പഠനഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഉപാസന സൗഹൃദയ സദസ്സിന്റെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.