പാനിപ്പത്ത്: ഒളിംപിക്സ് ജാവലിൻ ത്രോയിൽ സ്വർണം നേടാൻ നീരജ് ചോപ്രയ്ക്കു സാധിക്കാത്തതിൽ നിരാശയില്ലെന്ന് അമ്മ സരോജ് ദേവി. ഒളിംപിക്സിൽ നീരജ് നടത്തിയ പ്രകടനത്തിൽ സന്തോഷമാണുള്ളതെന്നും സരോജ് ദേവി. തൻറെ ഏറ്റവും മികച്ച ഒളിംപിക് പ്രകടനം തന്നെയാണ് ജാവലിൻ ഫൈനൽ റൗണ്ടിൽ നീരജ് പുറത്തെടുത്തതെങ്കിലും, പാക്കിസ്ഥാൻ താരം അർഷാദ് നദീമിൻറെ റെക്കോഡ് പ്രകടനത്തിനു മുന്നിൽ വെള്ളി മെഡലിലേക്ക് ഒതുങ്ങുകയായിരുന്നു.


ഞങ്ങൾക്ക് സന്തോഷമാണ്. ഞഹങ്ങളെ സംബന്ധിച്ച് ഈ വെള്ളിയും സ്വർണത്തിനു തുല്യമാണ്. സ്വർണം നേടിയ അർഷാദ് നദീമും ഞങ്ങളുടെ മകനെ പോലെ തന്നെ. എല്ലാവരും കഠിനാധ്വാനം ചെയ്താണ് മത്സരങ്ങളിൽ പങ്കെടുക്കുന്നതെന്ന് സരോജ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.


നീരജിന് പരുക്കുണ്ടായിരുന്നുവെന്നും, ഇനി അവന് ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാൻ കാത്തിരിക്കുകയാണ് സരോജ് ദേവി കൂട്ടിച്ചേർത്തു. രാജ്യത്തിന് വേണ്ടി വെള്ളി നേടാൻ നീരജിന് സാധിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് അച്ഛൻ സതീഷ് കുമാറും പറഞ്ഞു.