തിരുവനന്തപുരം: കേന്ദ്രസർക്കാർ നടത്തുന്നത് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള കേളികൊട്ടാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതിന്റെ ഭാഗമാണ് ഏക സിവിൽ കോഡും പൗരത്വ ഭേദഗതി ബില്ലുമെല്ലാം. ഇവർ ആഗ്രഹിക്കുന്നത് രാജ്യത്ത് മുസ്ലിം, മിഷനറി, മാർക്‌സിസ്റ്റ് എന്നിവ ഉണ്ടാകരുതെന്നാണ്. കൊളീജിയം നടപടികളിൽ കൈകടത്താനും ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കാനും ശ്രമിക്കുന്നു.
ബിജെപി ഇതര വോട്ടുകൾ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ഏകോപിപ്പിക്കുമെന്നും ആർഎസ്‌എസ് കൈപ്പിടിയിൽ ലെജിസ്ലേച്ചറും ജുഡീഷ്യറിയും മാധ്യമങ്ങളും ഒതുങ്ങിയാൽ ഫാസിസത്തിലേക്ക് അധികദൂരമില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. 1973ൽ അധ്യാപകരും ജീവനക്കാരും നടത്തിയ ഐതിഹാസിക പണിമുടക്കിന്റെ അമ്പതാം വാർഷികത്തിൽ എഫ്‌എസ്‌ഇടിഒ സംഘടിപ്പിച്ച ‘സമരനേതൃ സംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഫ്‌എസ്‌ഇടിഒ പ്രസിഡന്റ് എൻ ടി ശിവരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ സ്വാഗതവും ട്രഷറർ ഡോ. എസ് ആർ മോഹനചന്ദ്രൻ നന്ദിയും പറഞ്ഞു.