തിരുവനന്തപുരം: ഫെബ്രുവരി 16 മുതൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കൂടുതൽ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും ആളുകളുടെ തിരക്കും പരിഗണിച്ച് രണ്ടാഴ്ച കൂടി സമയം അനുവദിച്ചു.
ആവശ്യമായ പരിശോധനകൾ നടത്തി എല്ലാ രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർമാരും അടിയന്തരമായി ഹെൽത്ത് കാർഡ് നൽകേണ്ടതാണെന്നും മന്ത്രി നിർദേശം നൽകി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ശക്തമായ പരിശോധന ഫെബ്രുവരി ഒന്നുമുതൽ തുടരുന്നതാണ്. ഫെബ്രുവരി 15നകം കാർഡ് കൊടുക്കുവാൻ നിർദേശം നൽകും. ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവരും ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ കേരളത്തിലെ എല്ലാ സ്ഥാപനങ്ങളിലെ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കേണ്ടതാണ്.