Timely news thodupuzha

logo

ഇന്ത്യ – യു.എ.ഇ ചർച്ച നടത്തി

ന്യൂഡൽഹി: അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ചർച്ച നടത്തി. കിരീടാവകാശിയെന്ന നിലയിൽ ശൈഖ് ഖാലിദിന്‍റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്.

ഹൈദരാബാദ് ഹൗസിൽ അദ്ദേഹത്തെ പ്രധാനമന്ത്രി സ്വീകരിച്ചു. യു.എ.ഇ സർക്കാരിന്‍റെയും രാജകുടുംബത്തിന്‍റെയും അടുത്ത തലമുറയുമായി ഇന്ത്യ നടത്തുന്ന ആദ്യ ഔദ്യോഗിക സംഭാഷണം കൂടിയാണിത്.

അബുദാബി ഭരണാധികാരി യുഎഇയുടെ പ്രസിഡന്‍റാകുന്നതാണ് കീഴ്‌വഴക്കം. ഇപ്പോഴത്തെ കിരീടാവകാശി അബുദാബിയുടെ ഭരണ നേതൃത്വം ഏറ്റെടുക്കുന്നതോടെ അദ്ദേഹം യു.എ.ഇ പ്രസിഡന്‍റുമാകും. യു.എ.ഇയുമായുള്ള ബന്ധത്തിന് ഇന്ത്യ കൽപ്പിക്കുന്ന മൂല്യത്തിനു തെളിവായാണ് അടുത്ത തലമുറ ഭരണാധികാരികളുമായി നടത്തുന്ന ചർച്ചകൾ വിലയിരുത്തപ്പെടുന്നത്.

പ്രധാനമന്ത്രിക്ക് പുറമേ രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായും ശൈഖ് ഖാലിദ് കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച മുംബൈയിലെത്തുന്ന അദ്ദേഹം, ഇരുരാജ്യങ്ങളിലെയും പ്രമുഖ വ്യവസായികൾ പങ്കെടുക്കുന്ന ബിസിനസ് ഫോറത്തിലും സംസാരിക്കും.

34 വർഷത്തിനിടെ യു.എ.ഇ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 2015 ഓഗസ്റ്റിൽ അദ്ദേഹം നടത്തിയ ആ ചരിത്രപരമായ സന്ദർശനത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. നിലവിൽ യു.എ.ഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.

അറബ് ലോകത്ത് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി യു.എ.ഇയും. ഈ പതിറ്റാണ്ടിന്‍റെ അവസാനത്തോടെ ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാരം 100 ബില്യൻ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2022 – 2023 സാമ്പത്തിക വർഷത്തിൽ ഇത് 85 ബില്യനായിരുന്നു. ഇന്ത്യയിൽ നേരിട്ട് വിദേശ നിക്ഷേപം നടത്തുന്ന രാജ്യങ്ങളിൽ നാലാം സ്ഥാനവും യുഎഇക്കുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *