കോതമംഗലം: എറണാകുളം ജില്ലയിൽ ടിമ്പർ മേഖലയിലെ ലോഡിങ്ങ് കൂലി ഏകീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ടിമ്പർ മർച്ചൻ്റ്സ് അസോസിയേഷൻ കോതമംഗലം താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കോതമംഗലത്ത് ചേർന്ന ടിമ്പർ മർച്ചൻ്റ് അസോസിയേഷൻ താലൂക്ക് ജനറൽ ബോഡി യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.

ജില്ലാ പ്രസിഡണ്ട് ശിഹാബ് കടവൂർ യോഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ടിമ്പർ മേഖല വലിയ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലോഡിംഗ് മേഖലയിലെ കൂലി ഏകീകരിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചില പ്രദേശങ്ങളിൽ അന്യായമായ കൂലി നിലനിൽക്കുന്നതിനാൽ മര വ്യാപാര മേഖല തകർച്ചയെ നേരിട്ട് കൊണ്ടിരിക്കുക ആണെന്നും പ്രവർത്തകർ വിലയിരുത്തി.
താലൂക്ക് പ്രസിഡന്റ് ടോമി ജോസഫ് അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ടിമ്പർ അസോസിയേഷൻ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കോതമംഗലം മേഖലയുടെ വിഹിതം മത്തായി ആനിക്കശ്ശേരി ജില്ലാ പ്രസിഡൻ്റിന് കൈമാറി. സംസ്ഥാന കമ്മിറ്റി അംഗം കെ.ജി സത്യൻ മുഖ്യപ്രഭാഷണം നടത്തി. എറണാകുളം ജില്ലാ സെക്രട്ടറി കെ.കെ മോഹനൻ മുഖ്യാതിഥിയായി പങ്കെടുത്തു.
താലൂക്ക് സെക്രട്ടറി മിഘോഷ് മാത്യു, ജോർജ് ആന്റണി, കാസിം ഊന്നുകല്ല്, മത്തായി അനിക്കശ്ശേരി, കെ.എ ജോളി, ബെന്നി ആനിത്തോട്ടം എന്നിവർ പ്രസംഗിച്ചു.