ന്യൂഡൽഹി: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച യുവാവിൻറെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന 13 പേരുടെ സാംപിളുകൾ നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
സമ്പർക്ക പട്ടികയിൽ 172 പേരാണുള്ളത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വിദ്യാർത്ഥിയുടെ സമ്പർക്കപ്പട്ടികയിൽ ഹൈ റിസ്‌ക് കാറ്റഗറിയിൽപ്പെട്ടവരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. നിലവിൽ ഹൈ റിസ്‌ക് കാറ്റഗറിക്ക് മുകളിലുള്ള ഹൈയെസ്റ്റ് റിസ്‌കിൽ 26 പേരുണ്ട്.
ഇവർക്ക് പ്രതിരോധമരുന്നുകൾ നൽകി നൽകി നിരീക്ഷിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ച് വരുന്നത്. നിപ ബാധിച്ച് കഴിഞ്ഞാൽ 7,8,9 ദിവസങ്ങളിലാണ് തീവ്ര രോഗലക്ഷണങ്ങൾ കാണിക്കുന്നത്.
ഇന്ന് കൂടുതൽ പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കും. സമ്പർക്ക പട്ടികയിലുള്ള എല്ലാവരെയും സിസിടിവി ദൃശ്യങ്ങളുടെ അടക്കം സഹായത്തോടെ കണ്ടെത്തും.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിലവിലെ സാഹചര്യത്തിൽ രോഗവ്യാപനത്തിനുള്ള സാധ്യത കുറവാണെന്നാണ് ഡോക്ടർമാർ പറയുന്നത്. എങ്കിലും ആരോഗ്യവകുപ്പ് ജാഗ്രത തുടരുകയാണ്.
മരണപ്പെട്ട ഇരുപത്തിനാലുകാരൻറെ യാത്രാ വിവരങ്ങളും സമയവും അടങ്ങിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ റൂട്ട് മാപ്പ് പരിശോധിച്ച ശേഷം സമ്പർക്ക പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുള്ളവർ കൺട്രോൾ സെല്ലിൽ അറിയിക്കണമെന്ന് നേരത്തെ അറിയിച്ചിരുന്നു. കൺട്രോൾ സെൽ: 0483 2732010, 0483 2732060.