ഭോപ്പാൽ: മധ്യപ്രദേശിൽ മന്ത്രവാദത്തിന് ഇരയായ കുഞ്ഞ് മരിച്ചു. 3 മാസം പ്രായമുള്ള കുഞ്ഞിൻറെ ന്യുമോണിയ മാറാനായി മന്ത്രവാദത്തിനിരയാക്കി, ചികിത്സയെന്ന പേരിൽ പഴുപ്പിച്ച ലോഹദണ്ഡ് ഉപയോഗിച്ച് കുഞ്ഞിൻറെ വയറ്റിൽ 51 തവണ കുത്തി. മധ്യപ്രദേശിലെ ഗോത്രമേഖലയായ ഷാഡോളിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ കുഞ്ഞ് ഷാഡോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
15 ദിവസം മുൻപാണ് കുട്ടിയെ മന്ത്രവാദത്തിൻറെ മറവിൽ ക്രൂരമായി മർദ്ദിച്ചത്. സംസ്‌കരിച്ച കുഞ്ഞിൻറെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും. വനിത ബാല ക്ഷേമ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും മന്ത്രവാദം നടത്തിയ സ്ത്രീക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും കളക്ടർ പറഞ്ഞു.