മതനിന്ദയുൾപ്പെടുന്ന പരാമർശം നീക്കം ചെയ്യാത്തതിനെ തുടർന്ന് പാകിസ്ഥാനിൽ വിക്കിപീഡിയയ്ക്കു നിരോധനം. പരാമർശം നീക്കം ചെയ്യണമെന്ന് വിക്കിപീഡിയയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് വിശദീകരണം നൽകാനോ, നിന്ദാപരമായ പരാമർശം നീക്കം ചെയ്യാനോ വിക്കിപീഡിയ തയാറായില്ല. അതിനാലാണ് നിരോധനം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ 48 മണിക്കൂർ നേരത്തേക്ക് വിക്കിപീഡിയയുടെ സേവനം പാകിസ്ഥാൻ മരവിപ്പിച്ചിരുന്നു.
പിന്നീടാണ് സമ്പൂർണ വിലക്കിലേക്ക് നീങ്ങിയത്. നേരത്തെ ഇതു സംബന്ധിച്ച് വിക്കിപീഡിയക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും, അനുകൂല പ്രതികരണം ഉണ്ടായില്ല. മതനിന്ദാപരമായ പരാമർശം നീക്കം ചെയ്താൽ വിക്കിപീഡിയയുടെ സേവനം പുനസ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നേരത്തെ ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയവയ്ക്കും പാകിസ്ഥാൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു.