തിരുവനന്തപുരം: കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിൻറെ നേതൃത്വത്തിൽ കേരളാ ബാങ്ക് ജീവനക്കാർ 28, 29, 30 തിയതികളിൽ സംസ്ഥാന വ്യാപകമായി പണിമുടക്കും.
ബാങ്കിൻറെ സംസ്ഥാനത്തെ 823 ശാഖകളിലെയും ഹെഡ് ഓഫീസിലെയും റീജണൽ ജില്ലാ ഓഫിസുകളിലെയും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുമെന്നതിനാൽ ബാങ്കിൻറെ പ്രവർത്തനം തടസപ്പെടാൻ സാധ്യതയുണ്ട്. ജീവനക്കാരുടെ കുടിശികയായ 39 ശതമാനം ക്ഷാമ ബത്ത അനുവദിക്കുക, കാലാവധി കഴിഞ്ഞ് മൂന്ന് വർഷമായ ശമ്പള പരിഷ്ക്കരണത്തിന് കമ്മിറ്റിയെ നിയമിക്കുക, ബാങ്കിലെ രണ്ടായിരത്തോളം ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുക, മലപ്പുറം ജില്ലയിലെ ജീവനക്കാരുടെ മൂന്ന് വർഷമായി തടഞ്ഞുവച്ചു കൊണ്ടിരിക്കുന്ന പ്രമോഷനുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാരും സഹകരണ മന്ത്രിയും കേരളാ ബാങ്ക് മാനേജ്മെൻറ് സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
വിഷയങ്ങൾക്ക് പരിഹാരമുണ്ടാകുന്നില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കുമായി ജീവനക്കാർ മുന്നോട്ട് പോകുമെന്ന് പ്രസിഡൻറ് വി.എസ്. ശിവകുമാറും ജനറൽ സെക്രട്ടറി കെ.എസ്. ശ്യാം കുമാറും അറിയിച്ചു.