റാഞ്ചി: ഝാർഖണ്ഡിൽ കാമുകിയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ ശേഷം ശരീരം 50 കഷങ്ങളാക്കി മുറിച്ചുമാറ്റി ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്നാട്ടിൽ ഇറച്ചി വെട്ടുകാരനായി ജോലി ചെയ്യുന്ന നരേഷ് ഭെൻഗ്രയാണ്(25) പൊലീസിൻറെ പിടിയിലായത്.
ഇയാൾക്കൊപ്പം രണ്ട് വർഷമായി താമസിച്ചിരുന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം തെരുവുനായ മനുഷ്യ ശരീര ഭാഗങ്ങൾ കടിച്ച് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. ഝാർഖണ്ഡിലെ ഖുന്തി ജില്ലയിലാണ് സംഭവം.
കഴിഞ്ഞ രണ്ട് വർഷമായി യുവാവ് തമിഴ്‌നാട്ടിലെ ഇറച്ചിക്കടയിൽ ജോലി ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതിനിടെയാണ് തമിഴ്‌നാട് സ്വദേശിയായ 24കാരിയുമായി യുവാവ് ലിവ്-ഇൻ റിലേഷൻഷിപ്പിലായത്. പിന്നീട് നരേഷ് തൻറെ പങ്കാളിയോട് പറയാതെ ഇവരെ വിവാഹം കഴിക്കുകയും ചെയ്തു. കൊല്ലപ്പെട്ടത് ഗംഗി കുമാരിയെന്ന(24) യുവതിയാണെന്ന് തിരിച്ചറിഞ്ഞു.
നരേഷ് വിവാഹം കഴിച്ചത് അറിയാതിരുന്ന യുവതി തന്നെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ സമ്മർദം ചെലുത്തി. എന്നാൽ യുവതിയെ നാട്ടിലേക്ക് കൊണ്ടുപോകാൻ ആഗ്രഹഗിക്കാത്തതിനാൽ ക്രൂരമായി കൊലപ്പെടുത്തുകയിരുന്നു. തുടർന്ന് ഇരുവരും നവംബർ എട്ടിന് റാഞ്ചിയിലെത്തി.
അവിടെനിന്ന് യുവാവ് നാട്ടിലേക്ക് ട്രെയിൻ കയറി. നേരത്തെ കൊലപാതകം ആസൂത്രണം ചെയ്ത യുവാവ് യുവതിയെ ഓട്ടോറിക്ഷയിൽ വീടിന് സമീപത്ത് എത്തിക്കുകയും കുറച്ചുനേരം കാത്തിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
മൂർച്ചയേറിയ കത്തിയുമായി എത്തിയ നരേഷ് യുവതിയെ വീടിനടുത്തുള്ള വനത്തിൽ എത്തിച്ച ശേഷം യുവതിയെ ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ശരീരഭാഗങ്ങൾ 50 ഓളം കഷണങ്ങളാക്കി വീടിനടുത്തുള്ള കാട്ടിൽ ഉപക്ഷേിക്കുകയും സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നും പൊലീസ് പറയുന്നു.
നവംബർ 24ന് തെരുവുനായ മനുഷ്യൻറെ കൈപ്പത്തി കടിച്ചുനടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. കാട്ടിലെ വന്യമൃഗങ്ങൾ മൃതദേഹം ഭക്ഷിക്കുന്നതിനു മുൻപ് തെരുവുനായ കൈക്കലാക്കിയതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാട്ടിൽ നിന്നും കൂടുതൽ ശരീരഭാഗങ്ങൾ പൊലീസ് കണ്ടെത്തി.
താൻ ട്രെയിൻ കയറിയെന്നും പങ്കാളിക്കൊപ്പം താമസിക്കുമെന്നും യുവതി അമ്മയെ അറിയിച്ചിരുന്നതായി പൊലീസ് പറയുന്നു. ചോര പുരണ്ട കത്തിയും യുവതിയുടെ ആധാർ കാർഡ് ഉൾപ്പെടെയുള്ളവ അടങ്ങിയ ബാഗും വനത്തിൽനിന്നും കണ്ടെത്തി. യുവതിയുടെ അമ്മയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ അവർ മകളുടെ സാധനങ്ങൾ തിരിച്ചറിഞ്ഞു.
പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുത്തു, ചോദ്യം ചെയ്യലിൽ യുവതിയെ കൊലപ്പെടുത്തിയതായും മൃതദേഹം വെട്ടിയതായും ഇയാൾ സമ്മതിച്ചു. ഇയാൾ തമിഴ്നാട്ടിലെ ഇറച്ചിക്കടയിൽ ജോലി ചെയ്യുന്ന ആളാണെന്നും മാംസം മുറിക്കുന്നതിൽ വിദഗ്ധനാണെന്നും കേസ് അന്വേഷിച്ച ഇൻസ്പെക്ടർ അശോക് സിങ് പറഞ്ഞു.