കോഴിക്കോട്: കേരളത്തിലെ ജനത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അപമാനിക്കുന്നുവെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പ്രസ്താവന അമിത് ഷാ തിരുത്തണമെന്നും മാപ്പ് പറയണമെന്നും റിയാസ് ആവശ്യപ്പെട്ടു. ജനത്തെ വ്യക്തിഹത്യ നടത്തുകയാണ് അമിത് ഷാ. യുഡിഎഫ് അമിത് ഷായുടെ പ്രസ്താവനയിൽ മൗനം പാലിക്കുന്നു. കേരളത്തിലെ ജനത്തിനെ അപഹാസ്യമാക്കുന്ന നിലപാടിന് ചൂട്ടു കത്തിക്കുന്ന നിലപാടാണ് യുഡിഎഫിന്റേതെന്നും റിയാസ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം അമിത് ഷാ കേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിക്കുന്ന പരാർമശവുമായി രംഗത്തെത്തിയിരുന്നു.
അമിത് ഷാ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു കേരളത്തെക്കുറിച്ച് പരാമർശം നടത്തിയത്. ‘നിങ്ങളുടെ തൊട്ടടുത്ത് കേരളമാണ്, കൂടുതൽ ഒന്നും ഞാൻ പറയേണ്ടല്ലോ..’ എന്ന് കർണാടക സുരക്ഷിതമാകാൻ ബി.ജെ.പി തുടരണമെന്ന പരാമർശത്തിനോട് ചേർത്ത് അമിത് ഷാ പറഞ്ഞിരുന്നു. കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമുൾപ്പെടെ ഇതിനെതിരെ പ്രതികരിച്ചിരുന്നു.