നെന്മാറ: വീടിന് എതിർവശത്ത് താമസിക്കുന്ന നീളൻ മുടിയുള്ള സ്ത്രീയാണ് കുടുംബ കലഹത്തിന് കാരണമെന്ന് ജോത്സ്യൻ പറഞ്ഞതിന് പിന്നാലെയാണ് 2019ൽ സജിതയെ ചെന്താമര കൊലപ്പെടുത്തിയതെന്ന് അദ്ദേഹത്തിൻറെ അമ്മാവൻ.
ചെന്താമര മന്ത്രാവാദത്തിന് അടിമയായിരുന്നെന്നും കിട്ടുന്ന പണമെല്ലാം പൂജയ്ക്കും മറ്റുമായി ചെലവാക്കി തീർക്കുമായിരുന്നെന്നും അമ്മാവൻ പറഞ്ഞു. ഭാര്യയുടെ സ്വർണങ്ങളടക്കം വിറ്റ് ചെന്താമര പൂജകൾ ചെയ്യാറുണ്ട്. അയാളുടെ കൈയിൽ ഒരു കൊടുവാളുണ്ട്.
അത് പൊലീസിനോട് പല തവണ വിളിച്ചു പറഞ്ഞിട്ടും ഫലമുണ്ടായിട്ടില്ല. ചെന്താമരയ്ക്കെതിരെ ഏഴ് പരാതികളാണ് പൊലീസ് സ്റ്റേഷനിൽ നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെന്താമരയെ സഹിക്കാൻ കഴിയാതെ വന്നതോടെയാണ് ഭാര്യയും കുട്ടിയും വീടുവിട്ട് പോയത്.
അതിൽ സജിതയ്ക്ക് യാതൊരു പങ്കുമില്ല. അവർ ഒരു പാവമായിരുന്നു. ഇവിടെ അരിഞ്ഞ് വീഴ്‌ത്തേണ്ട മൂന്നു നാല് പേരുണ്ടെന്ന് അവൻ എപ്പോഴും പറയാറുണ്ടായിരുന്നു. അവനെ എല്ലാവർക്കും പേടിയാണെന്ന് ചെന്താമരയുടെ അമ്മായി പറഞ്ഞു. ഈ നാട്ടിൽ താമസിക്കാൻ തന്നെ ഭയമാണെന്ന് നാട്ടുകാരും പ്രതികരിച്ചു.
ചെന്താമരയെ എത്രയും വേഗം പിടികൂടണമെന്നും ഇത്രയും ക്രൂരമായ കൊലപാതകം നടത്തിയ അവൻ വിഷം കഴിച്ച് മരിക്കുമെന്ന് തോന്നുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം ഉണ്ടായത്.
അയൽവാസികളായ സുധാകരനേയും അദ്ദേഹത്തിൻറെ അമ്മയേയും ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2019ൽ സുധാകരൻറെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ചെന്താമര അടുത്തിടെയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നത്. കൊലപാതകത്തിൽ പൊലീസിൻേറെ ഭാഗത്ത് നിന്നും വലിയ വീഴ്ചയുണ്ടായതായി ഇൻറലിജൻസ് റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.