തൊടുപുഴ: നഗരത്തിൽ റോഡ് കൈയേറിയുള്ള വ്യാപാരങ്ങൾ വർധിച്ചിട്ടും നഗരസഭയും പൊതുമരാമത്ത് വകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. റോഡിന് വീതികൂട്ടി ടാറിങ്ങ് നടത്തിയാൽ ആ ഭാഗങ്ങളിൽ വഴിയോര കച്ചവടക്കാർ സ്ഥാനം പിടിക്കുന്ന സാഹചര്യമാണ്. മർച്ചന്റ്സ് അസോസ്സിയേഷൻ ഇത് സംബന്ധിച്ച് നിരവധി പരാതികൾ നൽകിയെങ്കിലും വഴിയോരം കൈവശപ്പെടുത്തി മറ്റുള്ളവർക്ക് ദിവസ വാടകയ്ക്ക് നൽകുന്ന ഏതാനും ലോപികൾ തൊടുപുഴയിൽ സജ്ജീവമാണ്.
മങ്ങാട്ടുകവല, കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിൽ അൽഫോണസാ കണ്ണാശുപത്രിക്ക് സമീപം ആദ്യം വഴിയോര കച്ചവടം ആരംഭിക്കുകയായിരുന്നു. പരാതി ഉയർന്നതിനെ തുടർന്ന് കുറച്ച് സ്ഥലം വാടകയ്ക്കെടുത്ത് കച്ചവടം തുടരുകയായിരുന്നു. നഗരത്തിൽ രണ്ട് മാർക്കറ്റുകൾ നിലവിലുള്ളപ്പോൾ ഇവിടെ മറ്റൊരു മാർക്കറ്റുകൂടി നിയമ വിരുദ്ധമായി പ്രവർത്തിക്കുകയാണ്. വഴിയോര കച്ചവടത്തിന് പുറമേ വാഹന കച്ചവടക്കാർക്കും ഇതര പച്ചക്കറി കടകളിലേക്കും ഇവിടെ നിന്നും പച്ചക്കറികൾ കയറ്റി വിടുകയാണ്. ഇത്തരം പ്രവർത്തനം രാവിലെ എട്ട് മണിക്ക് മുമ്പ് നടത്തുമെന്ന് സമ്മതിച്ചാണ് സമാന്തര മാർക്കറ്റ് തുടങ്ങിയത്. എന്നാൽ, സ്കൂൾ ബസുകൾ പോകുന്ന സമയത്തും ഇവിടെ കയറ്റി ഇറക്ക് നടക്കുന്നുണ്ട്. ബുധനാഴ്ച രാവിലെ സമാന്തര മാർക്കറ്റിന് എതിർവശം തുണിക്കച്ചവടക്കാരും ഷെഡ് കെട്ടിയതോടെ ഗതാഗത തടസ്സവുമുണ്ടായി. യാത്രക്കാർ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസെത്തി ഇവരെ നീക്കം ചെയ്യുകയായിരുന്നു. തൊടുപുഴ ടൗണിൻ്റെ വിവിധ ഭാഗങ്ങളിൽ അപകടകരമായ രീതിയിൽ റോഡുകൾ കൈയേറി കച്ചവടം നടത്തുന്നതിനെതിര നടപടി സ്വീകരിക്കുവാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല.
പോലീസ് സ്റ്റേഷനിൽ ഡി.വൈ.എസ്.പി റാങ്കിലുള്ളവർ വരെ ഉണ്ടെങ്കിലും നഗരത്തിൽ പോലീസ് സാന്നിധ്യം അപൂർവ്വമാണ്. പൊതുമരാമത്ത് വകുപ്പിലും എക്സിക്ക്യൂട്ടീവ് എഞ്ചിനീയർ വരെ തസ്തികയിൽ നിരവധി ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും അവരും നടപടിക്ക് തയ്യാറല്ല. ഇവരൊക്കെ ആരെയോ ഭയന്ന് നടപടികൾ സ്വീകരിക്കുവാൻ വൈമുഖ്യം കാണിക്കുന്ന സാഹചര്യമാണ്.