മൂന്നാർ: കാട്ടാനപ്പേടിക്ക് പിന്നാലെ മൂന്നാറിൽ പുലിപ്പേടിയും വർധിക്കുന്നു. കാട്ടുകൊ മ്പൻമാരടക്കം മൂന്നാർ മേഖ ലയിൽ കാടിറങ്ങി ഭീതി പരത്തുന്ന സംഭവം സാധാരണയായി കഴിഞ്ഞു. ഇതിനൊപ്പമാണിപ്പോൾ പുലിപ്പേടിയും വർധിച്ചിട്ടുള്ളത്. ടൗണിന് സമീപമുള്ള മൂന്നാർ ഫോറസ്റ്റ് റെയിഞ്ചോഫീസിന് സമീപമാണ് കഴിഞ്ഞ ദിവസം പകൽ പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. തോട്ടം തൊ ഴിലാളികളാണ് പുലിയെ നേരിൽ കണ്ടത്. പിന്നീട് സംഭവം വനം വകുപ്പുദ്യോഗസ്ഥരെ അറിയിച്ചു.
പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ട പ്രദേശം കൊളുന്തെടുക്കാൻ മാത്രം തൊഴിലാളികൾ എത്തുന്ന ജനവാസമില്ലാത്ത പ്രദേശമാണ്. സംഭവത്തിൽ വനം വകുപ്പ് പരിശോധന നടത്തുന്നുണ്ട്. ഇരുപത് പേരടങ്ങുന്ന രണ്ട് സംഘങ്ങൾ പരിശോധനയ്ക്കുണ്ട്. തോട്ടം മേഖലയിലെ വിവിധയിടങ്ങളിൽ മുമ്പ് കടുവയുടെയും പുലിയുടെയുമൊക്കെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. വന്യ ജീവിയാക്രമണത്തിൽ വളർത്ത് മൃഗങ്ങൾ കൊല്ലപ്പെടുന്ന സാഹചര്യവുമുണ്ട്. വേനൽ കനക്കുന്നതോടെ വന്യജീവി ശല്യം വർധിക്കുമോയെന്ന ആശങ്ക നിലനിൽക്കെയാണ് മൂന്നാർ ടൗണിന് ഏതാനും ദൂരമകലെ പുലിയുടെ സാന്നിധ്യമുണ്ടായിട്ടുള്ളത്.