തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവത്തിൽ അമ്മാവൻ ഹരികുമാറിനെ കോടതിയിൽ ഹാജരാക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്.
കുട്ടിയുടെ അമ്മ ശ്രീതുവിനേയും അച്ഛൻ ശ്രീജിത്തിനേയും വീണ്ടും പൊലീസ് ചോദ്യം ചെയ്യും. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ പൂജപ്പുരയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. കുട്ടിയുടെ അമ്മ ശ്രീതുവുമായി ഹരികുമാർ വഴിവിട്ട ബന്ധത്തിന് ശ്രമിച്ചിരുന്നെന്നും ഇത് നടക്കാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിൻറെ കണ്ടെത്തൽ.
പല കുരുക്കുകളിൽ നിന്നും ഹരികുമാറിനെ സംരക്ഷിച്ചത് ശ്രീതുവായിരുന്നു. പിന്നീട് സഹോദരിയോടും വഴിവിട്ട താത്പര്യങ്ങൾ കാണിച്ചു. ഹരികുമാറിനെ പ്രകോപിപ്പിക്കാതിരിക്കാൻ ശ്രീതു ശ്രമിച്ചു.
കുട്ടി തൻറെ ആവശ്യങ്ങൾക്ക് തടസമെന്ന് കണ്ടതോടെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് ഹരികുമാറിൻറെ കുറ്റസമ്മതം. എന്നാൽ ഹരികുമാറിനെ പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
ശ്രീതുവിൻറെ പങ്കിലടക്കം പൊലീസിന് സംശയമുണ്ട്. അമ്മയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. വ്യാഴാഴ്ച പുലർച്ചെയാണ് വീട്ടിലെ കിണറ്റിൽ രണ്ട് വയസുകാരി ദേവേന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം പൊലീസിന് ലഭിച്ചത് കാണാനില്ലെന്ന പരാതിയായിരുന്നു.
പിന്നാലെ നടത്തിയ തെരച്ചിലിൽ കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആദ്യം മുതൽ വീട്ടുകാരുടെ മൊഴികളിൽ വൈരുധ്യങ്ങളുണ്ടായിരുന്നു. തുടർന്ന് കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. അന്വേഷിച്ച് കണ്ടുപിടിക്കെന്നായിരുന്നു പൊലീസിനോടുള്ള ഹരികുമാറിൻറെ പ്രതികരണം.
തുടർന്ന് ശ്രീതുവും ഹരികുമാറും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് അടക്കം ശേഖരിച്ചുള്ള പൊലീസിൻറെ ചോദ്യം ചെയ്യലിൽ ഒടുവിലായിരുന്നു കുറ്റസമ്മതം. തത്കാലത്തേക്ക് വിട്ടയച്ചെങ്കിലും ശ്രീതു സംശയനിഴലിൽ തന്നെയാണ്.