ന്യൂഡൽഹി: യു.ജി.സി – നെറ്റ് പരീക്ഷ പേപ്പർ ചോർച്ച കേസിൽ സി.ബി.ഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചു. ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്ന് സി.ബി.ഐ ഡൽഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകി.
കഴിഞ്ഞ വർഷം ജൂണിലെ നെറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർന്നെന്നായിരുന്നു ആരോപണം. പിന്നാലെ അന്വേഷണം കേന്ദ്രം സി.ബി.ഐക്ക് വിട്ടിരുന്നു. സാമ്പത്തിക ലാഭമുണ്ടാക്കാൻ ഒരു വിദ്യാർത്ഥി പ്രചരിപ്പിച്ചത് ഡിജിറ്റലായി മാറ്റം വരുത്തിയ സ്‌ക്രീൻഷോട്ടാണെന്ന് സി.ബി.ഐ അന്വേഷണ റിപ്പോർട്ടിലുള്ളത്.
പരീക്ഷാ ദിവസം തന്നെ ചോദ്യ പേപ്പറിന്‍റെ കൃത്രിമ ചിത്രം ടെലഗ്രാമിൽ പങ്കുവെച്ച് പരീക്ഷയ്ക്ക് മുമ്പ് ചോർന്നുവെന്ന് തെറ്റായ ധാരണ സൃഷ്ടിക്കുകയായിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗാർഥികളെയും അധികാരികളെയും തെറ്റിധിരിപ്പിക്കാൻ ബോധപൂർവം തീയതിയും സമയ സ്റ്റാമ്പും മാറ്റി സ്‌ക്രീൻഷോട്ട് തയ്യാറാക്കിയതാണെന്ന് ഫോറൻസിക് വിദഗ്ധർ സ്ഥിരീകരിച്ചിട്ടുണ്ട്.
സി.ബി.ഐയുടെ കണ്ടെത്തലുകൾ പരിശോധിച്ച് ഈ റിപ്പോർട്ട് സ്വീകരിക്കണോ അതോ തുടരന്വേഷണത്തിന് നിർദേശം നൽകണോ എന്ന് കോടതി തീരുമാനിക്കും.