കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയറ്റ് മുന്നോട്ട് വച്ച പേര് ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
പി മോഹനൻ സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം കാലാവധി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. നിലവിൽ കൺസ‍്യൂമർഫെഡ് ചെയർമാനാണ് എം മെഹബൂബ്.
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻറ്, സി.പി.എം ബാലുശേരി ഏരിയാ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. അത്തോളി പഞ്ചായത്ത് പ്രസിഡൻറ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡൻറ്, കേരള ബാങ്ക് ഡയറക്‌ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.
സമ്മേളനം തുടങ്ങുന്നതിന് മുമ്പേ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എം മെഹബൂബിൻറെ പേര് ഉയർന്നിരുന്നു. മെഹബൂബിനെ കൂടാതെ സെക്രട്ടറി സ്ഥാനത്തേക്ക് കെ.കെ ദിനേശിൻറെയും പേര് ഒരു വിഭാഗം ഉയർത്തിയിരുന്നു. എന്നാൽ മെഹബൂബ് തന്നെ സെക്രട്ടറിയായി വരണമെന്നായിരുന്നു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മിറ്റിയുടെ തിരുമാനം.