Timely news thodupuzha

logo

ചോറ്റാനിക്കരയിൽ വീടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയ പെൺകുട്ടി ചികിത്സക്കിടെ മരിച്ചു

ചോറ്റാനിക്കര: പോക്സോ കേസ് അതിജീവിത മരിച്ചു. 19 വയസായിരുന്നു. മുൻ കാമുകനിൽ നിന്നും അതിക്രൂരമായ ആക്രമണത്തിന് ഇരയായ പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ആറ് ദിവസമായി വെൻറിലേറ്ററിൽ തുടരുകയായിരുന്നു.

2021ലെ പോക്സോ കേസ് അതിജീവിതയാണ് പെൺകുട്ടി. കഴിഞ്ഞ ദിവസമാണ് ചോറ്റാനിക്കരയിൽ അർധനഗ്നയായി പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്.

പിന്നാലെ പെൺകുട്ടിയുടെ മുൻ കാമുകൻ തലയോലപ്പറമ്പ് സ്വദേശി അനൂപിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമായിരുന്നു പ്രതി പൊലീസിന് നൽകിയ മൊഴി.

പെൺകുട്ടിയെ കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയത്തിലാവുകയും തുടർന്ന് പ്രണയത്തിലാവുകയും ചെയ്യുന്നത്.

അനൂപ് മുൻപും പല കേസുകളിലും പ്രതിയാണെന്ന് വിവരമുണ്ട്. സംശയത്തിൻറെ പേരിലാണ് പെൺകുട്ടിയെ ഇത്രയുമധികം മർദിച്ചതെന്നാണ് അനൂപ് മൊഴി നൽകിയത്. ക്രൂര മർദനത്തിനു ശേഷം പെൺകുട്ടി മരിച്ചെന്നു കരുതിയാണ് താൻ അവിടെ നിന്ന് പോന്നതെന്നും യുവാവ് മൊഴി നൽകിയിട്ടുണ്ട്.

പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളെജിലേക്ക് മാറ്റും.

Leave a Comment

Your email address will not be published. Required fields are marked *