ഇടുക്കി: ജില്ലയിലെ സി.പി.ഐയിൽ ഭിന്നത രൂക്ഷമെന്ന വാർത്ത വസ്തുതാ വിരുദ്ധവും ഊഹാപോഹങ്ങൾ മാത്രമാണെന്നും സി.പി.ഐ സംസ്ഥാന കൗൺസിലംഗം കെ.കെ ശിവരാമൻ പറഞ്ഞു. ചൊക്രമുടി ഭൂ വിഷയത്തിൽ ജില്ലാ കൗൺസിൽ വ്യക്തമായ തീരുമാനം നേരത്തെ എടുത്തിട്ടുണ്ട്. അത് മാധ്യമങ്ങൾ പ്രസദ്ധീകരിച്ചിട്ടുമുണ്ട്. മുഴുവൻ കയ്യേറ്റങ്ങളും നിയമപരമായി ഒഴിപ്പിക്കണമെന്നതാണ് പാർട്ടി നിലപാട്. പാർട്ടിക്കോ പാർട്ടി ജില്ലാ സെക്രട്ടറിക്കോ മറ്റു നേതാക്കൾക്കോ ഭൂമി കയ്യേറ്റവുമായി യാതൊരു ബന്ധവുമില്ലെന്ന കാര്യവും പാർട്ടി ജില്ലാ കൗൺസിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്.
പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ എഴുപത് ശതമാനം പൂർത്തീകരിച്ച് കഴിഞ്ഞു. ഒരു നേതാവിനെയും സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. പാർട്ടി ഘടകങ്ങൾ തീരുമാനിച്ച വിധമാണ് സമ്മേളനങ്ങളിൽ നേതൃത്വം പങ്കെടുക്കുന്നത്. മറിച്ചുള്ളത് വ്യാജ പ്രചാരണങ്ങൾ മാത്രമാണ്. ജില്ലാ കൗൺസിലിൽ ചേരിതിരിഞ്ഞ പ്രവർത്തനങ്ങൾ ഇല്ല. കമ്മ്യൂണിസ്റ്റ് സംഘടനാ രീതിക്കനുസരിച്ച് ചേരുന്ന ഘടക യോഗങ്ങളിൽ അംഗങ്ങൾ വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത് പതിവാണ്. എന്നാൽ എല്ലാ ചർച്ചകളും വിശദമായി കേട്ട് യോജിച്ച തീരുമാനമെടുത്ത് പാർട്ടി ഘടകങ്ങൾ നടപ്പാക്കുന്നു എന്നതാണ് വസ്തുത. പാർട്ടി ജില്ലാ കൗൺസിലിൻ്റെ യോജിച്ച പ്രവർത്തനങ്ങളെ ഇകഴ്ത്തി കാണിക്കുന്നത് സാധാരണ സമ്മേളന കാലയളവിൽ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളുടെ ദുഷ്പ്രചാരണം മാത്രമാണെന്നും പാർട്ടിയെ അറിയുന്ന ബഹുജനങ്ങൾ ഇക്കാര്യം വിശ്വസിക്കില്ലെന്നും നുണപ്രചാണങ്ങൾ തള്ളിക്കളയണമെന്നും കെ.കെ ശിവരാമൻ കൂട്ടിച്ചേർത്തു.