തിരുവനന്തപുരം: പരുത്തിപ്പള്ളി സർക്കാർ വിഎച്ച്എസ്എസ് സ്കൂളിലെ പ്ലസ് വൺ വിദ‍്യാർഥിയായ ബെൻസൺ ആത്മഹത‍്യ ചെയ്ത സംഭവത്തിൽ മുഖ‍്യമന്ത്രിക്കും വിദ‍്യാഭ‍്യാസ മന്ത്രിക്കും പരാതി നൽകാനൊരുങ്ങി സഹപാഠികൾ.
പ്രിൻസിപ്പൽ, ക്ലാസ് ടീച്ചർ എന്നിവർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ‍്യപ്പെട്ടാണ് പരാതി. ബെൻസന്‍റെ ആത്മഹത‍്യയിൽ ഇവർക്ക് പങ്കുണ്ടെന്നാണ് സഹപാഠികൾ ആരോപിക്കുന്നത്. ഇവർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ‍്യപ്പെട്ട് സ്കൂളിൽ തിങ്കളാഴ്ച വിദ‍്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു.
നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് വിദ‍്യാർഥികളുടെ തീരുമാനം. ബെൻസന്‍റെ ആത്മഹത‍്യയെ തുടർന്ന് സ്കൂളിലെ ക്ലർക്കായ ജെ സനലിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
കൊല്ലം മേഖല അസിസ്റ്റന്‍റ് ഡയറക്‌ടറിന്‍റെയും പ്രിൻസിപ്പലിന്‍റെയും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഫെബ്രുവരി 14നായിരുന്നു ബെൻസനെ സ്കൂളിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ബെൻസന്‍റെ ആത്മഹത‍്യയ്ക്ക് കാരണം ക്ലർക്കുമായുണ്ടായ തർക്കമാണെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. എന്നാൽ വിദ‍്യാർഥിയുടെ മരണത്തിൽ താൻ നിരപരാധിയാണെന്നാണ് ക്ലർക്ക് പ്രതികരിച്ചത്.