കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും വടകര എം.പിയുമായ കെ മുരളീധരൻ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചു. കോൺഗ്രസിന്റെ പരാതി അക്ഷരാർത്ഥത്തിൽ ശരിവെക്കുന്നതാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ. ഷുഹൈബിന്റേത് ആസൂത്രിത കൊലപാതകമായിരുന്നു. ഷുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണം തന്നെ നടത്തണം. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പാർട്ടി വിഷയം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതാക്കളിലേക്ക് ഷുഹൈബ് വധക്കേസിലെ അന്വേഷണം എത്താതെ ഇരിക്കാനാണ് സി.പി.എം ശ്രമമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
ആർഎസ്എസ് നയം മാറ്റാൻ ആര് വിചാരിച്ചാലും നടക്കില്ലെന്നായിരുന്നു ആർഎസ്എസ് – ജമാ അത്തെ ഇസ്ലാമി കൂടിക്കാഴ്ചയെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടത്. വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല. ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണ് ആർ.എസ്.എസ് ലക്ഷ്യം. മതേതര ശക്തികളുടെ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നതാണ് കൂടിക്കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.