ദുബായ്: ഐ.സി.സി ചാംപ്യൻസ് ട്രോഫിയിൽ പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യക്ക് കിരീടം. ഫൈനലിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിനു കീഴടക്കിയാണ് ഇന്ത്യ മൂന്നാം കിരീടം സ്വന്തമാക്കിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണെടുത്തത്. ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുത്തു. ന്യൂസിലൻഡ് ഉയർത്തിയ വിജയലക്ഷ്യം നിസാരമാണെന്ന പ്രവണത ഉണർത്തുന്നതായിരുന്നു ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിൻറെ തുടക്കം. രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് പത്തൊമ്പതാം ഓവറിൽ സ്കോർ 105 വരെയെത്തിച്ചു.
എന്നാൽ, ഗില്ലും(50 പന്തിൽ 31) പിന്നാലെ വിരാട് കോലിയും(1) വീണതോടെ കളി മാറി. അതുവരെ ആക്രമണോത്സുകമായി കളിച്ചിരുന്ന രോഹിത് ശർമ പ്രതിരോധത്തിലേക്ക് വലിയാൻ നിർബന്ധിതനായത് സ്കോറിങ് നിരക്കിനെ കാര്യമായി ബാധിച്ചു. 41 പന്തിൽ അർധ സെഞ്ചുറി പൂർത്തിയാക്കിയ രോഹിത്, 76 റൺസെടുത്ത് പുറത്താകുമ്പോൾ 83 പന്ത് നേരിട്ടിരുന്നു.
ഏഴ് ഫോറും മൂന്ന് സിക്സും ഉൾപ്പെട്ട ഇന്നിങ്സിലെ മുഴുവൻ സിക്സറും നാല് ഫോറും അർധ സെഞ്ചുറി തികയ്ക്കും മുൻപേ നേടിയതാണ്. ക്യാപ്റ്റന് സ്ട്രൈക്ക് നൽകുക എന്ന കർത്തവ്യം നിർവഹിച്ച ഗിൽ, നേരിട്ട മുപ്പത്തിമൂന്നാം പന്തിലാണ് ആദ്യമായി പന്ത് അതിർത്തി കടത്തുന്നത്. ഈയൊരു സിക്സർ മാത്രമാണ് ഗില്ലിൻറെ ഇന്നിങ്സിലുള്ളത്, ഫോറുകൾ ഇല്ല. ഇന്ത്യ പ്രയോഗിച്ച അതേ സ്പിൻ കെണിയാണ് ന്യൂസിലൻഡും ഉപയോഗിച്ചത്.
മിച്ചൽ സാൻറ്നറും രചിൻ രവീന്ദ്രയും മൈക്കൽ ബ്രേസ്‌വെല്ലും ഗ്ലെൻ ഫിലിപ്സും മാത്രം മധ്യ ഓവറുകൾ കൈകാര്യം ചെയ്തപ്പോൾ കാര്യങ്ങൾ ഇന്ത്യയുടെ കൈയിൽ നിന്നു വഴുതുന്ന തോന്നൽ. ശ്രേയസ് അയ്യരും അക്ഷർ പട്ടേലും ചേർന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 61 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, ശ്രേയസും(62 പന്തിൽ 48) അക്ഷറും(40 പന്തിൽ 29) ചെറിയ ഇടവേളയിൽ പുറത്തായതോടെ വീണ്ടും പ്രതിസന്ധി.