ബാംഗ്ലൂർ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ബാംഗ്ലൂരിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. തൽക്കാലം ആശുപത്രിവാസം വേണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ചികിത്സ പൂർത്തിയാക്കുവാനായി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യും. അതിനാൽ നാട്ടിലേക്ക് മടങ്ങുന്നില്ലെന്നും ബാംഗ്ലൂരിൽ തന്നെ തുടരാനാണ് തീരുമാനമെന്നും കുടുംബം അറിയിച്ചു. ഉമ്മൻചാണ്ടിയ്ക്ക് ഇപ്പോൾ നൽകുന്നത് ഇമ്മ്യൂണോതെറാപ്പിയെന്ന ചികിത്സാ രീതിയാണ്.
നാല് ദിവസം മുമ്പ് ഉമ്മൻചാണ്ടിയെ സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇമ്മ്യൂണോതെറാപ്പി ഉചിതമെന്ന് ഡോക്ടർമാർ തീരുമാനിച്ചത്. ഉമ്മൻ ചാണ്ടിയെ അഡ്മിറ്റ് ചെയ്തപ്പോൾ പ്രാഥമിക പരിശോധന നടത്തിയിരുന്നു. അതിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞിട്ടില്ലെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. അതേസമയം അദ്ദേഹത്തിൽ പോഷകാഹാരക്കുറവ് കണ്ടെത്തുകയും അത് പരിഹരിക്കാനുള്ള ചികിത്സ നിശ്ചയിക്കുകയും ചെയ്തിരുന്നു. ഡോ യു.എസ് വിശാൽ റാവുവിൻറെ നേതൃത്വത്തിൽ പത്തോളജിസ്റ്റുകൾ, ജീനോമിക് വിദഗ്ദർ, ന്യൂട്രീഷ്യനിസ്റ്റുകളുൾപ്പെടെയുള്ള ആരോഗ്യ വിദഗ്ദരുടെ സംഘമാണ് എച്ച്.സി.ജി ആശുപത്രിയിൽ അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.