വാഷിങ്ങ്ടൺ: രണ്ടാം ട്രംപ് ഭരണകൂടത്തിൽ നിർണായക പദവി വഹിക്കുന്ന അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്കിൻറെ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം നടത്തിയാൽ ഭീകരക്കുറ്റമായി പരിഗണിക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ടെസ്ല, സ്പേസ് എക്സ് കമ്പനികളുടെ ഉടമയായ മസ്കിനെതിരെ യുഎസിൽ പ്രതിഷേധം കത്തുകയാണ്.
ഇതിനിടെയാണ് മസ്കിന് പൂർണ പിന്തുണയുമായി ട്രംപ് എത്തിയത്. എന്നു മാത്രമല്ല, വൈറ്റ് ഹൗസിലെ ഉപയോഗത്തിനായി പുതിയൊരു ടെസ് ല ഇലക്‌ട്രിക് വാഹനം വാങ്ങി അദ്ദേഹം തൻറെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പിൻറെ മേധാവിയാണ് മസ്ക്. അദ്ദേഹം മുൻകൈ എടുത്തുള്ള കൂട്ടപ്പിരിച്ചു വിടലും വിദേശ ധനസഹായം റദ്ദാക്കലുമുൾപ്പടെയുള്ള നടപടികളാണ് പ്രതിഷേധത്തിന് കാരണമായത്.
ടെസ്ല ഡീലർഷിപ്പ് കേന്ദ്രങ്ങൾക്ക് നേരെ പ്രതിഷേധിച്ചും ചാർജിങ് സ്റ്റേഷനുകൾക്ക് തീ വച്ചുമാണ് പ്രതിഷേധം പടർന്നത്. എന്നാൽ, സമാധാനപരമായ പ്രകടനങ്ങൾ മാത്രമാണ് നടത്തുന്നതെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം.