ആലുവ: ഭക്തരെ വരവേൽക്കുനായി ആലുവ മണപ്പുറം ഒരുങ്ങി. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷമുള്ള ശിവരാത്രി മഹാശിവരാത്രി ആഘോഷങ്ങൾക്കായി ജനങ്ങൾ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇന്നു രാത്രി വൈകി ആരംഭിക്കുന്ന ബലിതർപ്പണം നാളെ ഉച്ചവരെ നീളും. ഒരേ സമയം രണ്ടായിരത്തോളം പേർക്ക് ബലിതർപ്പണം നടത്തുന്നതിനായുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 116 ബലിത്തറകൾ ഇതിനായി സജ്ജമാക്കി.
മേൽശാന്തി മുല്ലപ്പള്ളി ശങ്കരൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണു ചടങ്ങുകൾ നടക്കുക. നഗരത്തിൽ ഇന്നു വൈകിട്ട് നാലു മുതൽ നാളെ ഉച്ചയ്ക്ക് രണ്ടു വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടായിരത്തോളം പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചു. ഫയർ ഫോഴ്സിൻറെ രണ്ട് ഫയർ എൻജിനുകൾ സ്ഥലത്തുണ്ടാകും. സ്ഥലത്ത് മെഡിക്കൽ ടീമിനെയും നിയമിച്ചു. പ്രധാന എട്ട് പോയിന്റുകളിൽ ആംബുലൻസ് സേവനമുണ്ടാകും. കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസ് ഉൾപ്പടെ 210 അധിക സർവീസുകളാണ് നടത്തുന്നത്.
കൊച്ചി മെട്രൊയ്ക്കും അധിക സർവീസുകൾ ഏർപ്പെടുത്തി. ആലുവയിൽ പ്രത്യേക സ്റ്റോപ്പുകളും തീവണ്ടികൾക്ക് അനുവദിച്ചിട്ടുണ്ട്. റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ നേതൃത്വത്തിൽ ടാക്സി വാഹനങ്ങൾ അമിത കൂലി ഈടാക്കുന്നത് തടയുന്നതിനായി പ്രത്യേക സ്‌ക്വാഡുകളുടെ പരിശോധനയുണ്ടാകും. കെ.എസ്.ഇ.ബി വൈദ്യുത വിതരണം 24 മണിക്കൂറും ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും ഭക്ഷണ സാധനങ്ങളുടെ വില വിവരപ്പട്ടിക പരിശോധിക്കാൻ രംഗത്തിറങ്ങും.