കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് റിട്ട. ജഡ്ജി സി.എൻ. രാമചന്ദ്രൻ നായർ.
പൊലീസ് കണ്ടെടുത്ത ആയുധം ഉപയോഗിച്ച് കമ്പി മുറിക്കുന്നത് എളുപ്പമല്ലെന്ന് രാമചന്ദ്രൻ പറഞ്ഞു. കമ്പികളുടെ രണ്ട് അറ്റവും മുറിച്ചിട്ടുണ്ട്. ഇത്തരത്തിലുളള ബലമുളള കമ്പികൾ ഒരു ചെറിയ ഉപകരണം കൊണ്ട് മുറിച്ച് മാറ്റാൻ സാധിക്കില്ല.
വളരെ പഴക്കമുളള സെല്ലുകൾ സുരക്ഷയ്ക്ക് ഭീഷണിയാണ്. മതിൽ പലയിടങ്ങളിലും തകർച്ച ഭീഷണിയിലാണ്. ഉദ്യോഗസ്ഥർ ഇതെല്ലാം അറിഞ്ഞില്ലായെന്നത് അത്ഭുതമാണെന്നും രാമചന്ദ്രൻ പറഞ്ഞു. അന്വേഷണ സമിതി വിളിച്ച ഉന്നത ജയിൽ ഉദ്യോഗസ്ഥരുടെ യോഗം നടക്കുകയാണ്.

ഉത്തര മേഖല ജയിൽ ഡിഐജി, കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ഉൾപ്പടെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ജയിലിലെ സുരക്ഷ സംവിധാനങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. കണ്ണൂർ ഗസ്റ്റ് ഹൗസിൽ വച്ചാണ് യോഗം നടക്കുന്നത്.






