Timely news thodupuzha

logo

ഐബി ഉദ്യോഗസ്ഥ ട്രെയിൻ ഇടിച്ചു മരിച്ച സംഭവം; പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയാണെന്ന് കുടുംബം: തെളിവുകൾ കൈമാറി

തിരുവനന്തപുരം: ട്രെയിൻ ഇടിച്ചു മരിച്ച ഐബി ഉദ്യോഗസ്ഥ ലൈംഗികാതിക്രമത്തിന് ഇരയായതായി കുടുംബത്തിൻറെ ആരോപണം. ഇതു സംബന്ധിച്ച തെളിവുകൾ പെൺകുട്ടിയുടെ പിതാവ് പട്ട പൊലീസിന് കൈമാറി.

പെൺകുട്ടിയുടെ സഹപ്രവർത്തകനായിരുന്ന സുകാന്ത് സുരേഷിനെതിരേയാണ് ആരോപണം ഉയരുന്നത്. പെൺകുട്ടി മരിച്ചതിൻറെ തൊട്ടടുത്ത ദിവസം മുതൽ ഇയാൾ ഒളിവിലാണ്. ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടി ചികിത്സ തേടിയത് അടക്കമുള്ള രേഖകളാണ് പൊലീസിനു കൈമാറിയിരിക്കുന്നത്.

പെൺകുട്ടിയുടെ ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും കൈമാറിയിട്ടുണ്ട്. നിലവിൽ അന്വേഷണം ശരിയായ രീതിയിലാണെന്നും പ്രതി രാജ്യം വിടാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കാമെന്ന് പൊലീസ് അറിയിച്ചതായും കുടുംബം വ്യക്തമാക്കി. മാർച്ച് 24നാണ് 22കാരിയായ പെൺകുട്ടി ട്രെയിനിനു തല വച്ചത്.

ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന പെൺകുട്ടി ട്രെയിൻ കണ്ടതോടെ പാളത്തിലേക്ക് തല വച്ച് കിടക്കുകയായിരുന്നുവെന്ന് ലോകോ പൈലറ്റ് മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടി അവസാനമായി വിളിച്ചത് സഹപ്രവർത്തകനായ സുകാന്തിനെയാണെന്ന് കണ്ടെത്തിയിരുന്നു. ഇയാൾ കുട്ടിയെ സാമ്പത്തിക ചൂഷണത്തിന് ഇരയാക്കിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് ലൈംഗികാതിക്രമക്കേസും രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *