ഹാമിൽടൺ: പാക്കിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ ന‍്യൂസിലൻഡിന് 84 റൺസ് ജയം. ഇതോടെ 3 ഏകദിന മത്സരങ്ങളുടെ പരമ്പരയിൽ ആദ‍്യ 2 മത്സരങ്ങളും തോൽവിയറിഞ്ഞ പാക്കിസ്ഥാന് പരമ്പര നഷ്ടമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന‍്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 292 റൺസ് നേടി.
78 പന്തിൽ നിന്നും 7 സിക്സറുകളും 7 ബൗണ്ടറികളും അടക്കം 99 റൺസ് നേടിയ മിച്ചൽ ഹേയുടെ പ്രകടനമാണ് ടീമിന് കരുത്തേകിയത്. മിച്ചലിന് പുറമെ മുഹമ്മദ് അബ്ബാസ് (41) നിക്ക് കെല്ലി (31) എന്നിവർക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. നായകൻ മൈക്കൽ ബ്രേസ്‌വെൽ (17) , ഡാരി മിച്ചൽ (18) എന്നിവർ നിരാശപ്പെടുത്തി.
പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് വസീം, സൂഫിയാൻ മുക്കീം എന്നിവർ രണ്ടും ഹാരിസ് റൗഫ്, ഫാഹിം അഷ്റഫ്, അക്കിഫ് ജാവേദ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ന‍്യൂസിലൻഡ് ഉയർത്തിയ വിജയലക്ഷ‍്യം മറിക്കടക്കാനായി ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാൻ 41.2 ഓവറിൽ ഓൾ ഔട്ടായി. ഫഹീം അഷ്റഫ് (73), നസീം ഷാ (51) എന്നിവർക്കു മാത്രമാണ് അർധസെഞ്ചുറി നേടാനായത്.
മറ്റുള്ള താരങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ആദ‍്യ 11 ഓവർ പൂർത്തിയായപ്പോൾ തന്നെ പാക്കിസ്ഥാന് 5 വിക്കറ്റ് നഷ്ടമായിരുന്നു. അബ്ദുള്ള ഷഫീക്ക് (1), ബാബർ അസം (1), ഇമാം ഉൾ ഹഖ് (3), സൽമാൻ ആഘ (9), മുഹമ്മദ് റിസ്‌വാൻ (5) എന്നിവരുടെ വിക്കറ്റാണ് പാക്കിസ്ഥാന് നഷ്ടമായത്.
പിന്നീട് ഒമ്പതാം വിക്കറ്റിൽ ഫഹീം അഷ്റഫും നസീം ഷായും നൽകിയ കൂട്ടുകെട്ട് മാത്രമാണ് പാക്കിസ്ഥാന് അൽപ്പമെങ്കിലും ആശ്വാസമേകിയത്. ന‍്യൂസിലൻഡിനു വേണ്ടി 5 വിക്കറ്റ് വീഴ്ത്തിയ ബെൻ സിയേഴ്സാണ് പാക്കിസ്ഥാനെ തകർത്തത്. ബെൻ സിയേഴ്സിനു പുറമെ ജേക്കബ് ഡഫി മൂന്നും നഥാൻ സ്മിത്ത്, വിൽ ഒ റൂർക്ക് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.





