ന്യൂഡൽഹി: തപാൽ വകുപ്പിലെ കേന്ദ്രികൃത തപാൽ വിതരണത്തിനും സ്വകാര്യവത്കരണത്തിനും എതിരെ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ലോകസഭയിൽ റൂൾ 377 വഴി പ്രമേയം അവതരിപ്പിച്ചു. പോസ്റ്റ് ഓഫീസ് ആക്ട് ഭേദഗതി ചെയ്ത കേന്ദ്ര സർക്കാർ തപാൽ വകുപ്പിന്റെ സ്വകാര്യ വത്കരണത്തിന് മുന്നോടിയായി കേന്ദ്രികൃത തപാൽ വിതരണ സംവിധാനത്തിലേക്കു നീങ്ങുകയാണ്.
ഇതിന്റെ ആദ്യ പടിയായി രാജ്യത്തെ ഏകദേശം 19500 പോസ്റ്റ് ഓഫീസുകളെ 400 ഓളം വരുന്ന ഇൻഡിപെൻഡന്റ് ഡെലിവറി സെന്ററുകൾക്ക് കീഴിലാക്കും. പോസ്റ്മാൻ വിഭാഗം ജീവനക്കാർ തപാൽ ഓഫീസുകളിൽ നിന്നും മാറി ഐ.ഡി.സികൾ വഴി ആകും തപാൽ ഉരുപ്പടികൾ എത്തിക്കുന്നത്. കത്ത് വിതരണ ബീറ്റുകൾ മെക്കനൈസ് ചെയ്യുന്നതോടെ പോസ്റ്മാൻ മാർ ഒരു പോസ്റ്റ് ഓഫീസ് പരിധി വിട്ടു കിലോമീറ്ററുകൾ സഞ്ചരിച്ചു വേണം കത്തുകൾ കൈമാറാൻ.
ഈ നടപടി പോസ്റ്റ് ഓഫീസുകളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതാണെന്ന് എം.പി ചൂണ്ടി കാട്ടി.സ്വകാര്യ കൊറിയർ കമ്പനികൾ പോലും കൂടുതൽ ഓഫീസുകൾ തുടങ്ങി ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ആണ് തപാൽ വകുപ്പിന്റെ ഈ തല തിരിഞ്ഞ നയം എന്നു ഡീൻ കുര്യാക്കോസ് എം.പി കുറ്റപ്പെടുത്തി. ഇത്തരം പരിഷകാരങ്ങൾ നടത്തുന്നതിന് മുൻപ് തപാൽ വകുപ്പിലെ അംഗീകൃത യൂണിയനുകളോട് വിഷയം സമഗ്രമായി ചർച്ച ചെയ്യണ്ടതാണെന്നും എഫ്.എൻ.പി.ഒ സംഘടനയുടെ(തപാൽ യൂണിയൻ) കേരള ഘടകം ചെയർമാൻ കൂടിയായ ഡീൻ കുര്യാക്കോസ് എം.പി കേന്ദ്ര വാർത്ത വിനിമയ വകുപ്പ് മന്ത്രി ജ്യോതിരദിത്യ സിന്ധ്യയോട് ലോക്സഭയിൽ ആവശ്യപ്പെട്ടു.