പോർട്ട് മോർസ്ബി: പാപുവ ന്യൂ ഗിനിയയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച രാവിലെ ന്യൂ ബ്രിട്ടൻ ദ്വീപിൻറെ തീരത്താണ് ഭൂചലനം അനുഭപ്പെട്ടതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ(യു.എസ്.ജി.എസ്) അറിയിച്ചു. ന്യൂ ബ്രിട്ടൻ ദ്വീപിലെ കിംബെ പട്ടണത്തിന് 194 കിലോമീറ്റർ(120 മൈൽ) കിഴക്കുള്ള കടൽത്തീരത്താണ് ഭൂകമ്പത്തിൻറെ പ്രഭവകേന്ദ്രം.
10 കിലോമീറ്റർ(6 മൈൽ) ആഴത്തിൽ ഉണ്ടായ ഈ ഭൂകമ്പത്തിൽ 1 മുതൽ 3 മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകുമെന്ന് യുഎസ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. സമീപത്തെ പസഫിക് രാജ്യമായ സോളമൻ ദ്വീപുകളുടെ ചില ഭാഗങ്ങളിൽ 0.3 മീറ്ററിൽ താഴെയുള്ള ചെറിയ തിരമാലകൾക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പു നൽകിയിരുന്നു.
എന്നാൽ ഈ രണ്ട് മുന്നറിയിപ്പുകളും പിന്നീട് റദ്ദാക്കി. 5,00,000ലധികം ആളുകൾ മാത്രം താമസിക്കുന്ന ന്യൂ ബ്രിട്ടൻ ദ്വീപിലെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല.