വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു. 88 വയസായിരുന്നു. ശ്വാസകോശ അണുബാധയെത്തുടർന്ന് ദീർഘനാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷം വിശ്രമത്തിലായിരുന്നു അദ്ദേഹം.
ഗുരുതരാവസ്ഥ തരണം ചെയ്ത ശേഷം അപ്രതീക്ഷിതമാണ് അന്ത്യം. ഇന്ത്യൻ സമയം രാവിലെ 11 മണിയോടെയാണ് മാർപാപ്പ ഇഹലോക വാസം വെടിഞ്ഞത്. വത്തിക്കാൻ ഔദ്യോഗികമായി വിവരം ലോകത്തെ അറിയിച്ചു. കത്തോലിക്കാ സഭയുടെ 266ാമത്തെ പരമാധ്യക്ഷനായിരുന്നു അദ്ദേഹം.
ലാറ്റിനമെരിക്കയിൽ നിന്ന് മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയാണ്. 12 വർഷമാണ് അദ്ദേഹം ആ സ്ഥാനത്ത് തുടർന്നത്. 2013ൽ ബനഡിക്റ്റ് പതിനാറാമൻ സ്വമേധയാ സ്ഥാനമൊഴിഞ്ഞതോടെയാണ് അർജൻറീനയിൽനിന്നുള്ള ഹോർഹെ മരിയോ ബർഗോഗ്ലിയോ സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നും, പാവങ്ങളുടെ പുണ്യവാളനായ ഫ്രാൻസിസിൻറെ പേര് സ്വീകരിച്ച് മാർപാപ്പയായി അധികാരമേൽക്കുന്നതും. 12 വർഷത്തെ വാഴ്ചയിൽ സമാധാനത്തിൻറെയും പരിവർത്തനത്തിൻറെ ദൂതനായി നടത്തിയ പ്രവർത്തനങ്ങളാണ് ഫ്രാൻസിസ് മാർപാപ്പയെ വ്യത്യസ്തനാക്കിയത്.
ഗാസ ആക്രമണത്തിൽ ഇസ്രയേലിനും യുഎസിനുമെതിരായ നിലപാട് സ്വീകരിക്കാൻ മടി കാണിക്കാതിരുന്ന മാർപാപ്പയായിരുന്നു ഫ്രാൻസിസ് ഒന്നാമൻ. സഭയിലെ ബാലപീഡകരെ പുറത്താക്കുന്നതിനും, വത്തിക്കാനിലെ അഴിമതി തുടച്ചുനീക്കുന്നതിനും ശക്തമായ നടപടികൾ സ്വീകരിച്ചു. വത്തിക്കാൻ ഭരണകൂടത്തിലെ ഉദ്യോഗസ്ഥ ഘടന തന്നെ പൊളിച്ചെഴുതാനായിരുന്നു അദ്ദേഹത്തിൻറെ പരിശ്രമം. ഇക്കാലയളവിൽ നാല് സുപ്രധാന ചാക്രിക ലേഖനങ്ങൾ എഴുതിയ അദ്ദേഹം 900 പേരെ വിശുദ്ധരായി പ്രഖ്യാപിക്കുകയും ചെയ്തു.
അനാരോഗ്യത്തിനിടയിലും 47 വിദേശ പര്യടനങ്ങൾ നടത്തി, 65 രാജ്യങ്ങൾ സന്ദർശിച്ചു. ഇന്ത്യ സന്ദർശനത്തിനുള്ള വിദൂര പദ്ധതി യാഥാർഥ്യമാകുന്നതിനു മുൻപാണ് വിടവാങ്ങൽ.