കൊച്ചി: വിവാദങ്ങൾക്കു പിന്നാലെ നടൻ ഷൈൻ ടോം ചാക്കോയ്ക്കും നടി വിൻസി അലോഷ്യസിനുമെതിരേ ആരോപണവുമായി സൂത്രവാക്യം നിർമാതാവ് ശ്രീകാന്ത് കണ്ടർഗുള. സിനിമയുടെ പ്രമോഷനുമായി ഇരു താരങ്ങളും സഹകരിക്കുന്നില്ലെന്നും സിനിമയെ ഇത് പ്രതിരൂലമായി ബാധിക്കുന്നുവെന്നും ശ്രീകാന്ത് ആരോപിച്ചു.
ഈസ്റ്റർ ദിനത്തിൽ സിനിമയുടെ പോസ്റ്റർ പുറത്തിറക്കിയിരുന്നു. എന്നാൽ ഷൈനും വിൻസിയും ഈ പോസ്റ്റർ ഷെയർ ചെയ്തിട്ടില്ല. ഇതു സിനിമയെ പ്രതികൂലമായി ബാധിക്കും. ആദ്യ ചിത്രത്തിൽ തന്നെ ഇതൊക്കെയാണ് അനുഭവം. സെറ്റിലെ മയക്കുമരുന്നിനെ കുറിച്ചോ ലൈംഗികാതിക്രമത്തെക്കുറിച്ചോ തനിക്കറിയില്ല.
കഴിഞ്ഞ മൂന്നു നാല് ദിവസമായി ഉറക്കമില്ലെന്നും ശ്രീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ശ്രീകാന്ത് നിർമിക്കുന്ന സൂത്രവാക്യം എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടയിൽ ലഹരി ഉപയോഗിച്ച് നടൻ ഷൈൻ ടോം ചാക്കോ തന്നോട് മോശമായി പെരുമാറിയെന്ന് കാണിച്ച് നടി വിൻസി അലോഷ്യസ് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ ഷൈൻ ടോം ചാക്കോ ലഹരിക്കേസിൽ അറസ്റ്റിലുമായി.