Timely news thodupuzha

logo

ലാളിത്യത്തിന്റെയും എളിമയുടെയും പ്രതീകമായിരുന്നു ഫ്രാൻസിസ് മാർപാപ്പ; പി.ജെ ജോസഫ് എം.എൽ.എ

തൊടുപുഴ: ലാളിത്യത്തിന്റെയും എളിമയുടെയും പ്രതീകമായിരുന്നു ഫ്രാൻസിസ് മാർപാപ്പ എന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഫ്രാൻസിസ് അസീസിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കാരുണ്യത്തിന്റെ വക്താവായി മാറി. ദൈവം കരുണയാണെന്നും കാരുണ്യമാണ് ഏറ്റവും വലിയ പുണ്യമെന്നും ഉറച്ചു വിശ്വസിച്ചു. ദ നെയിം ഓഫ്‌ ഗോഡ്‌ ഈസ് മേഴ്സി എന്ന പുസ്തകം പിതാവിന്റെ കാഴ്ചപ്പാട് വിളിച്ചറിയിക്കുന്നു.

യഥാസമയം പ്രശ്നങ്ങളിൽ ഇടപെടുകയും എവിടെ പ്രതിസന്ധികൾ ഉണ്ടായാലും സമാധാനത്തിന്റെ സന്ദേശം നൽകുകയും ചെയ്ത പിതാവായിരുന്നു. കാൽ കഴുകൽ ശുശ്രൂഷയിൽ ജയിലിൽ കഴിയുന്നവരെയും അഭയാർത്ഥികളേയും ഉൾപ്പെടുത്തി. ഈസ്റ്റർ സന്ദേശത്തിൽ ഗാസയിൽ വെടിനിറുത്താനും തടവുകാരെ വിട്ടയയ്ക്കാനുമുള്ള ആഹ്വാനം ഹൃദയസ്പർശിയായിരുന്നു. എവിടെ വേദന ഉണ്ടായാലും അവിടെ ആശ്വാസ സന്ദേശവുമായി പോപ്പ് കടന്നു വരുന്നത് കാണാം. കരുണ എന്താണ് എന്ന് ജനങ്ങളെ കാണിച്ചു കൊടുത്തു.

സഭയിൽ ഒട്ടേറെ പരിഷ്കാരങ്ങൾ നടപ്പാക്കി. എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചു കൊണ്ടുപോകാൻ ശ്രദ്ധിച്ചു. കത്തോലിക്ക വിശ്വാസികൾക്കു മാത്രമല്ല ലോകമെമ്പാടുമുള്ളവർക്ക് അദ്ദേഹം സ്വീകാര്യനായിരുന്നു. ഫ്രാൻസിസ് പാപ്പയുടെ വേർപാട് തീരാ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *