തിരുവനന്തപുരം: ചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നവരാണെന്ന് വി.ഡി സതീശൻ. 2015 ജൂൺ എട്ടിന് ഉമ്മൻചാണ്ടി നിയമസഭയിൽ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കേണ്ടതിനെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ തന്റെ ഫേസ് ബുക്ക് പേജിലൂടെ പങ്ക് വെച്ചു കൊണ്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇക്കാര്യങ്ങൾ കുറിച്ചിരിക്കുന്നത്. വിഴിഞ്ഞം കേരളത്തിന്റെ ഒരു സ്വപ്ന പദ്ധതിയാണെന്നും അതിന് വേണ്ടി 1991 മുതൽ ശ്രമിക്കുകയാണെന്നും ഉമ്മൻചാണ്ടി വീഡിയോയിൽ പറയുന്നുണ്ട്. ഇപ്പോൾ വിഴിഞ്ഞം പദ്ധതി അവസാന ഘട്ടത്തിലെത്തിയെന്നും സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിച്ചു കൊണ്ട് വിഴിഞ്ഞം പദ്ധതി നടപ്പിലാക്കിയിരിക്കുമെന്നും അഴിമതി ആരോപണം ഉന്നയിച്ച് പദ്ധതി ഇല്ലാതാക്കാൻ ശ്രമിച്ചാൽ അത് നടക്കില്ലെന്നും ഉമ്മൻചാണ്ടി നിയമസഭയിൽ വ്യക്തമാക്കുന്നത് കാണാം.
പ്രതിപക്ഷ നേതാവിന്റെ എഫ്.ബി പോസ്റ്റിൽ നിന്നും; ‘ഉമ്മൻ ചാണ്ടി ഇന്നില്ല. മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മൻ ചാണ്ടി ജന ഹൃദയങ്ങളിൽ ജീവിക്കുന്നു. ചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നവരാണ്.’